ദുരന്തനിവാരണ നയത്തിൽ മാറ്റം വരുത്തണം

Wednesday 31 August 2022 12:54 AM IST

സംസ്ഥാനത്തും കാലാവസ്ഥ പ്രവചനാതീതമായി മാറിക്കൊണ്ടിരിക്കുകയാണ്. ചിങ്ങം പകുതിയാകുമ്പോഴും മഴ തകർത്തുപെയ്യുന്നു. പ്രളയപ്പേടിയിൽ പല ജില്ലകളും വീർപ്പടക്കിനിൽക്കുന്നു. ഓർത്തിരിക്കാതെ പെയ്യുന്ന അതിതീവ്ര മഴ സൃഷ്ടിക്കുന്ന വെള്ളക്കെട്ടിൽ നാടും നഗരവും ഒരുപോലെ ദുരിതത്തിലാണിപ്പോൾ. ഇതിനു പുറമേയാണ് മലമടക്കുകളിലുണ്ടാകുന്ന ഉരുൾപൊട്ടലുകൾ. തൊടുപുഴ കുടയത്തൂരിൽ ഞായറാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടൽ ഒരു വീട്ടിലെ അഞ്ചുപേരുടെ ജീവനാണെടുത്തത്. കുടുംബത്തിലെ ഏറ്റവും പ്രായംചെന്ന വീട്ടമ്മയും അവരുടെ മകനും കുടുംബാംഗങ്ങളുമാണ് ഉരുൾപൊട്ടി ആർത്തലച്ചുവന്ന മലവെള്ളത്തിന്റെയും പാറക്കല്ലുകളുടെയും അടിയിൽപ്പെട്ട് ജീവനോടെ കുഴിച്ചുമൂടപ്പെട്ടത്. രക്ഷാപ്രവർത്തകർ ഏഴുമണിക്കൂർ കഠിനാദ്ധ്വാനം നടത്തിയാണ് ജഡങ്ങൾ പുറത്തെടുത്തത്. ഉരുൾപൊട്ടി താഴേക്കൊഴുകിയ വെള്ളവും പാറക്കഷണങ്ങളും ചെളിയും വലിയ പാറയിൽതട്ടി വഴി തിരിയാതിരുന്നെങ്കിൽ അൻപതോളം വീടുകളും അവയിലെ താമസക്കാരും ഒന്നടങ്കം മണ്ണിനടിയിലായേനെ. വൻദുരന്തം ഒഴിവായതിന്റെ ആശ്വാസമുണ്ടെങ്കിലും കൃഷിപ്പണി ചെയ്ത് കുടുംബം പുലർത്തിവന്ന സോമൻ എന്ന അൻപത്തിമൂന്നുകാരനും കുടുംബാംഗങ്ങൾക്കും നേരിട്ട ദുരന്തത്തിൽ നാട്ടുകാർ മാത്രമല്ല സംസ്ഥാനമൊന്നാകെ തരിച്ചുനിൽക്കുകയാണ്.

സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് പരിസ്ഥിതിലോല മേഖലകൾ ധാരാളമുണ്ട്. ജനസംഖ്യാ വളർച്ചയ്ക്കൊപ്പം ഈ മേഖലകളിലെ മനുഷ്യ കൈയേറ്റവും വർദ്ധിച്ചുവരുന്നു. കൃഷിക്കും താമസത്തിനുമായി മലകൾ, വർദ്ധിച്ചതോതിൽ മനുഷ്യരുടെ അധീനതയിലാകുമ്പോൾ പ്രകൃതിസന്തുലനത്തിലും മാറ്റങ്ങളുണ്ടാകുമെന്നത് പ്രകൃതി നിയമമാണ്. പ്രകൃതിദത്തമായ വനങ്ങളുടെ നല്ലൊരുപങ്ക് ഇല്ലാതായിക്കഴിഞ്ഞു. മലമടക്കുകളെല്ലാം കൃഷിയിടങ്ങളായി മാറിയിട്ടുണ്ട്. മല കൈയേറിയവർ പല ആവശ്യങ്ങൾക്കുമായി ഭൂമി തരംമാറ്റുന്നു. ആത്യന്തികമായി ഇതൊക്കെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന സംഗതികളാണ്. പരിസ്ഥിതിലോല മേഖലകളുടെ സംരക്ഷണം പ്രധാന വിഷയമായി മാറിക്കഴിഞ്ഞു. വന്യജീവി സങ്കേതങ്ങൾക്കും സംരക്ഷിതവനങ്ങൾക്കും ചുറ്റുമുള്ള പ്രദേശങ്ങൾ കരുതൽ മേഖലയായിത്തന്നെ നിലനിറുത്തണമെന്ന പരമോന്നത കോടതി ഉത്തരവ് കേരളത്തെപ്പോലുള്ള സംസ്ഥാനങ്ങൾക്ക് ഇതിനകം വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഈ കടമ്പ എങ്ങനെ മറികടക്കാമെന്ന ചിന്തയിലാണ് സർക്കാരും ഇവിടത്തെ രാഷ്ട്രീയകക്ഷികളും. കരുതൽ മേഖല നേരിൽക്കണ്ട് റിപ്പോർട്ടുണ്ടാക്കി കോടതിയിൽ സമർപ്പിക്കാനൊരുങ്ങുകയാണ് സർക്കാർ. ഈ പരിശോധനയ്ക്കൊപ്പം പ്രകൃതിക്ഷോഭങ്ങൾക്ക് എളുപ്പം വിധേയമായേക്കാവുന്ന പ്രദേശങ്ങൾകൂടി കണ്ടെത്തി സുരക്ഷാനടപടികൾ സ്വീകരിക്കാൻ സമയമായെന്നാണ് വ്യാപകമായ ഉരുൾപൊട്ടലുകൾ ഓർമ്മിപ്പിക്കുന്നത്. പ്രകൃതിക്ഷോഭങ്ങൾ തടയാൻ മനുഷ്യർക്കു സാദ്ധ്യമല്ല. അപ്പോൾ ഇത്തരം ദുരന്തങ്ങളുണ്ടായാൽത്തന്നെ അത് ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള വഴികൾ തേടുകയാണ് അഭികാമ്യം. 115 വില്ലേജുകളിൽ കരുതൽമേഖല നിർണയം വിദഗ്ദ്ധ സമിതിയെ ഏല്പിക്കാനാണു തീരുമാനം.

അടിക്കടിയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ ജനങ്ങളെ മാത്രമല്ല സർക്കാരിനെയും പരിക്ഷീണമാക്കുന്നുണ്ട്. ദുരന്ത നിവാരണത്തിനായി ഓരോ വർഷവും ഭീമമായ തുക മാറ്റിവയ്ക്കേണ്ടിവരുന്നു. ദുരന്തബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾ വെല്ലുവിളികൾ നിറഞ്ഞതാവുന്നു. സഞ്ചാരസൗകര്യങ്ങൾ പോലുമില്ലാത്ത പ്രദേശങ്ങളിൽ ദുരന്തമുണ്ടാകുമ്പോൾ രക്ഷാപ്രവർത്തകർ നേരിടേണ്ടിവരുന്ന പ്രയാസങ്ങൾ കഠിനമാണ്. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടുപിടിച്ചേ മതിയാവൂ. ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള നിരവധി പ്രദേശങ്ങൾ സംസ്ഥാനത്തുണ്ട്. ഭൗമശാസ്ത്രജ്ഞരുടെ സഹായത്തോടെ അവ കണ്ടെത്തി സുരക്ഷാനടപടികൾ സ്വീകരിക്കാൻ കഴിയണം. അത്യധികം അപകടസാദ്ധ്യതയുള്ള ഇടങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറാൻ പ്രേരിപ്പിക്കണം. ഇതിനാവശ്യമായ സഹായം നൽകണം. ദുരന്തശേഷം രക്ഷാപ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനും ചെലവഴിക്കേണ്ടിവരുന്ന തുകയോളം വേണ്ടിവരില്ല ഇത്തരം കരുതൽ നടപടികൾക്ക്. ദുരന്തനിവാരണ വിഷയത്തിൽ പുതിയൊരു സമീപനമാണ് ആവിഷ്കരിക്കേണ്ടത്.

Advertisement
Advertisement