പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹ നിശ്ചയം, ഗൾഫിൽ പോയ ശേഷം ഫോണിലൂടെ വഴക്കിട്ട് പിരിഞ്ഞു; യുവതിയുടെ ആത്മഹത്യയിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ

Wednesday 31 August 2022 11:22 AM IST

മലപ്പുറം: ഇരുപത്തിരണ്ടുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ. മലപ്പുറം നോർത്ത് കീഴുപറമ്പ് കൈതമണ്ണിൽ അശ്വിനാണ് അറസ്റ്റിലായത്. മാനസിക പീഡനവും ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തിയാണ് അറസ്റ്റ് ചെയ്‌തത്.

തൃക്കളയൂർ വാലില്ലാപ്പുഴ തീനത്തുംകണ്ടിയിൽ മന്യയാണ് ജീവനൊടുക്കിയത്. അശ്വിനും മന്യയും എട്ടാം ക്ലാസുമുതൽ പ്രണയത്തിലായിരുന്നു. പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷം സെപ്തംബറിൽ ഇരുകുടുംബങ്ങളും ചേർന്ന് വിവാഹ നിശ്ചയവും നടത്തി.

തുടർന്ന് അശ്വിൻ ജോലിക്കായി വിദേശത്തേക്ക് പോയി. അതിനുശേഷം അശ്വിൻ പല കാര്യങ്ങളും പറഞ്ഞ് ഫോണിലൂടെ മന്യയുമായി വഴക്കിട്ടിരുന്നു. യുവാവ് വിവാഹ ബന്ധത്തിൽ നിന്ന് പിന്മാറിയതോടെയാണ് യുവതി ജീവനൊടുക്കിയത്. മന്യയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. യുവതിയുടെ ഫോണിൽ നിന്ന് ഇരുവരും തമ്മിലുള്ള ചാറ്റുകളും മറ്റും പൊലീസിന് ലഭിച്ചിരുന്നു. യുവാവ് നാട്ടിലെത്തിയതിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.