തലയിൽ തേങ്ങ അടിച്ച് പൊട്ടിക്കും, ചോര വാർന്നാലും വേദന സഹിക്കണം; വിചിത്രമായ ഈ ആചാരത്തിൽ പങ്കെടുക്കാനെത്തുന്നത് ആയിരക്കണക്കിന് ഭക്തർ

Wednesday 31 August 2022 4:28 PM IST

നിരവധി വ്യത്യസ്തമായ ആചാരങ്ങളാണ് നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നത്. ചില വിചിത്രമായ ആചാരങ്ങൾ അരങ്ങേറുന്ന നിരവധി ക്ഷേത്രങ്ങളുണ്ട്. അതിൽ ഒന്നാണ് തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മഹാലക്ഷ്മി ക്ഷേത്രം. തലയിൽ തേങ്ങയടിച്ച് പൊട്ടിക്കുന്നതാണ് ഇവിടുത്തെ ആചാരം.

എല്ലാ വര്‍ഷവും നടക്കുന്ന ഒരു ആഘോഷത്തിന്റെ ഭാഗമായാണ് ഈ ചടങ്ങ്. തല പൊട്ടി ചോര വാർന്നുകൊണ്ടാണ് ഇവിടെനിന്ന് ഭക്തർ പുറത്തേക്ക് കടക്കുന്നത്. ശേഷം ആശുപത്രിയിലെത്തി തലയിൽ സ്റ്റിച്ചിട്ട ശേഷമാണ് വീടുകളിലേയ്ക്ക് മടങ്ങുന്നത്. വേദന സഹിച്ചില്ലെങ്കിൽ ദൈവകോപം ഉണ്ടാകുമെന്നാണ് വിശ്വാസം.ആരോഗ്യ രക്ഷയ്ക്കായുള്ളതാണ് ഈ ആചാരമെന്നുള്ളതാണ് ഏറെ കൗതുകം.

ആചാരത്തിന് പിന്നിൽ

ഒരിക്കല്‍ ഗ്രാമത്തിലുള്ളവര്‍ ശിവ ഭഗവാനെ പ്രാര്‍ത്ഥിച്ചു. എന്നാല്‍ ഭഗവാൻ ഇവരുടെ പ്രാര്‍ത്ഥന ചെവികൊണ്ടില്ല. തുടർന്ന് തങ്ങളുടെ വിഷമം ശിവനെ അറിയിക്കാനായി തേങ്ങ തലയില്‍ അടിച്ച് പൊട്ടിക്കാന്‍ ഭക്തര്‍ തീരുമാനിച്ചു. തേങ്ങയുടെ പുറത്ത് മൂന്ന് കണ്ണുകളുണ്ട്. ശിവന്റെ തൃക്കണ്ണുമായി ഇതിന് ബന്ധമുണ്ടെന്ന കാരണത്താലാണ് ഇവര്‍ ഇങ്ങനെ ചെയ്തത്. ആ കഥ അനുസരിച്ച് ഭക്തരുടെ ഈ ത്യാഗത്തിനൊടുവില്‍ ശിവന്‍ അവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. അവരുടെ ആഗ്രഹങ്ങള്‍ സഫലമാക്കിക്കൊടുക്കുകയും ചെയ്യുന്നു. മഹാലക്ഷ്മി ക്ഷേത്രത്തിനുള്ളിലെ മ്യൂസിയത്തിൽ തേങ്ങയുടെ ആകൃതിയിലുള്ള കല്ലുകള്‍ ധാരാളം പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കാണാം.