വിഴിഞ്ഞം തുറമുഖം: പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവ്

Friday 02 September 2022 12:04 AM IST

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സർക്കാർ പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. നിർമ്മാണത്തിനെതിരായ സമരത്തെത്തുടർന്ന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമ്മാണക്കരാർ കമ്പനിയായ ഹോവെ എൻജിനീയറിംഗ് പ്രൊജക്‌ട്‌സും നൽകിയ ഹർജികളിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഇടക്കാല ഉത്തരവ്.

സമരക്കാർ നിർമ്മാണ മേഖലയിലേക്ക് അതിക്രമിച്ചു കയറുന്നതു വിലക്കിയ ഉത്തരവിൽ, എന്തിന്റെ പേരിലായാലും ഇത്തരം നടപടികൾ അനുവദിക്കാനാവില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. മേഖലയിൽ ക്രമസമാധാനം നിലനിറുത്താൻ സംസ്ഥാന സർക്കാരിനും പൊലീസിനും കഴിയുന്നില്ലെങ്കിൽ, കേന്ദ്ര സർക്കാരിന്റെ സഹായം തേടാമെന്നും ഉത്തരവിൽ പറയുന്നു.

 സമാധാനപരമായി സമരം നടത്താം

വിഴിഞ്ഞം പദ്ധതിക്ക് അനുമതി നൽകിയതിന്റെ സാധുതയല്ല, നിർമ്മാണം തടസപ്പെടുത്തിയെന്നും അനധികൃതമായി കടന്നു കയറിയെന്നുമുള്ള ഹർജിയാണ് പരിഗണിക്കുന്നത്. സമാധാനപരമായി സമരം നടത്താം. പ്രതിഷേധത്തിന്റെ മറവിൽ നിയമപരമായ നിർമ്മാണം തടയാനാവില്ല. ഹർജിക്കാരും കരാറുകാരും ഉപകരാറുകാരും ഉദ്യോഗസ്ഥരും പദ്ധതി പ്രദേശത്തേക്ക് പോകുന്നതും തിരിച്ചു വരുന്നതും തടയാനാവില്ല. ഇതിന് മതിയായ സംരക്ഷണം നൽകണം. പാരിസ്ഥിതികാനുമതിയോടെയാണ് പദ്ധതി തുടങ്ങിയത്. ദേശീയ ഹരിത ട്രൈബ്യൂണലും പദ്ധതി ശരി വച്ചതാണ്. ഇതിലെ വ്യവസ്ഥകൾ ലംഘിച്ച് നിർമ്മാണം നടക്കുന്നുണ്ടെങ്കിൽ സമരക്കാർക്ക് ട്രൈബ്യൂണലിനെ സമീപിക്കാനാവും. ഹർജികൾ വാദം പൂർത്തിയാക്കാൻ 27 ലേക്ക് മാറ്റി.

തുറമുഖ പദ്ധതിയെത്തുടർന്ന് വീടു നഷ്ടമായവരെ പുനരധിവസിപ്പിക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ നൽകിയ ഹർജി വിശദ വാദത്തിനായി 22 ലേക്ക് മാറ്റി.

Advertisement
Advertisement