റോഡ് ശുചീകരണ യന്ത്രം,​ തെരുവുനായ കൗൺസിലിൽ ചർച്ചയോട് ചർച്ച

Friday 02 September 2022 12:09 AM IST

കണ്ണൂർ: കോർപ്പറേഷനിലേക്ക് റോഡ് ശുചീകരണ യന്ത്രം വാങ്ങിക്കുന്നതും നഗരത്തിലെ തെരുവുനായ ശല്യവും ഇന്നലെ നടന്ന കൗൺസിൽ യോഗത്തെ സജീവമാക്കി.

ശുചീകരണ യന്ത്ര പദ്ധതിയുടെ ‌ടെൻഡർ നടപടി തിരക്കു പിടിച്ച് കൗൺസിലിൽ അംഗീകരിക്കേണ്ട കാര്യമില്ലെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു. ഇക്കാര്യത്തിൽ ഏറെ നേരം ചർച്ച നടന്നു. 73 ലക്ഷം രൂപ വരുന്ന റോഡ് ശുചീകരണ യന്ത്രത്തിന്റെ ടെൻഡർ എടുപിടിയെന്ന് അംഗീകരിക്കേണ്ടതാണോയെന്ന് എൽ.ഡി.എഫ് കൗൺസിലർ അ‌ഡ്വ. പി.കെ. അൻവർ ചോദിച്ചു. യന്ത്രം വാങ്ങുമ്പോൾ കമ്പനിയെ കുറിച്ച് അറിയുകയും വ്യക്തമായി പഠിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഇന്നലെയുണ്ടായ പദ്ധതിയല്ലെന്നായിരുന്നു മേയറുടെ മറുപടി. ഉദ്യോഗസ്ഥ തലത്തിൽ ടെൻഡർ നടപടി പൂർത്തീകരിച്ച് പരിശോധന നടത്തിയതിനു ശേഷമാണ് കൗൺസിലിൽ വയ്ക്കുന്നത്. ഇന്ത്യയിൽ ഈ മേഖലയിൽ ആധികാരികമായി പ്രവർത്തിക്കുന്ന കമ്പനിയാണിതെന്നും മേയർ പറഞ്ഞു.

തെരുവുനായ ശല്യം രൂക്ഷമായി തു‌ടരുമ്പോൾ ഇവയുടെ വന്ധ്യംകരണം തദ്ദേശ സ്ഥാപനങ്ങൾ വഴി നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് തെരുവുനായ നിയന്ത്രണത്തിനുള്ള നടപടികൾ അടിയന്തരമായി നടത്തണമെന്ന് എൽ.ഡി.എഫ് കൗൺസിലർ എൻ. സുകന്യ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ജില്ലാ പഞ്ചായത്തുമായി സഹകരിക്കാൻ കോർപ്പറേഷൻ തയാറായതാണെന്നും ജില്ലാ പഞ്ചായത്തിന്റെ തുടർ നടപടിയൊന്നുമുണ്ടായിട്ടില്ലെന്നും മേയർ പറഞ്ഞു. എ.ബി.സി (ആനിമൽ ബെർത്ത് കൺട്രോൾ) പദ്ധതി തെരുവുനായകളുടെ പ്രജനനം നിയന്ത്രിക്കാൻ മാത്രമുള്ളതാണ്. അതുകൊണ്ട് മാത്രം ഈ പ്രശ്നം തീരുമെന്ന് വിശ്വസിക്കുന്നില്ലെന്നും മേയർ പറഞ്ഞു.

കോർപ്പറേഷനിലേക്ക് റോഡ് ശുചീകരണ യന്ത്രം വാങ്ങിക്കുന്ന പദ്ധതി നേരത്തെ തന്നെ കൗൺസിലിന് മുമ്പാകെ വച്ചതാണ്. റോഡ് ശുചീകരണ യന്ത്രവുമായി ബന്ധപ്പെട്ട് അഞ്ച് തൊഴിലാളികൾക്ക് മൂന്നു മാസത്തെ പരിശീലനം നൽകും.

വിനു സി. കുഞ്ഞപ്പൻ, കോർപ്പറേഷൻ സെക്രട്ടറി

തെരുവുനായ്ക്കളുടെ വിഷയവുമായി ബന്ധപ്പെട്ട് വാക്സിൻ ഫലപ്രദമല്ലാത്തതാണ് പ്രധാന പ്രശ്നം. വാക്സിൻ എടുത്തവർ പോലും സുഖം പ്രാപിക്കുന്നില്ല. എ.ബി.സി പദ്ധതിയിലൂടെ മാത്രം തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കാൻ പറ്റില്ല. തെരുവുനായ്ക്കളെ കൊണ്ട് ജനം വലഞ്ഞിരിക്കുകയാണ്. അടിയന്തിരമായി തെരുവനായ ശല്യത്തിനെതിരെ നടപടി സ്വീകരിക്കണം. എല്ലാവരും ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത് തീരുമാനിക്കണം.

അഡ്വ. പി. ഇന്ദിര, യു.ഡി.എഫ്

റോഡ് ശുചീകരണ യന്ത്രം വാങ്ങുമ്പോൾ അധികമായി വരുന്ന തൊഴിലാളികളെ മറ്റ് സോണലുകളിലേക്ക് മാറ്റണം. തൊഴിലാളികൾക്ക് ജോലി നഷ്ടമാകുന്ന സാഹചര്യമുണ്ടാകരുത്.

എൻ. സുകന്യ, എൽ.ഡി.എഫ്

Advertisement
Advertisement