മരിയസദനിൽ ഇന്ന് സ്‌നേഹമന്ദിരം തുറക്കും

Saturday 03 September 2022 12:31 AM IST

പാലാ . നിർദ്ധനരും നിരാലംബരുമായ മാനസിക രോഗികളുടെ അഭയകേന്ദ്രമായ പാലാ മരിയസദനത്തിലെ രോഗികൾക്കായി പാലാ കാനാട്ടുപാറയിലുള്ള മരിയസദനത്തോട് ചേർന്ന് പുതിയ ആശുപത്രി മന്ദിരം ഇന്ന് തുറക്കും. മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള നാനൂറ്റി അൻപതോളം അന്തേവാസികളുടെ സ്വപ്നം ഇതോടെ പൂവണിഞ്ഞിരിക്കുകയാണ്. കേരളത്തിലെ പ്രമുഖ ഹൈവേ കരാർ കമ്പനിയായ രാജി മാത്യു ആൻഡ് കമ്പനിയാണ് മന്ദിരം നിർമ്മിച്ച് നൽകിയത്. കൊവിഡ് കാലഘട്ടത്തിൽ മരിയസദനത്തിലെ രോഗികൾ അനുഭവിച്ചുകൊണ്ടിരുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് മനസിലാക്കിയപ്പോഴാണ് ഇത്തരം ഒരു ആശയം ഉരുത്തിരിഞ്ഞതെന്ന് കമ്പനിയുടെ മാനേജിംഗ് പാർട്ട്ണറായ രാജി മാത്യു പറഞ്ഞു. തന്റെ മാതാപിതാക്കളായ പി എസ് മാത്യുവിന്റെയും, അച്ചാമ്മ മാത്യുവിന്റെയും സ്മരണാർത്ഥമാണ് കെട്ടിടം നിർമ്മിച്ച് നൽകിയത്. ആശുപത്രി മന്ദിരത്തിന് ലോർഡ്‌സ് ഹോസ്‌പൈസ് എന്ന പേരാണ് നൽകിയിരിക്കുന്നത്.

ഫാ.ജോർജ് കുറ്റിക്കൽ തറക്കല്ലിട്ട ആശുപത്രി കെട്ടിടം പലവിധ കാരണങ്ങളാൽ വർഷങ്ങളായി തടസപ്പെട്ട് കിടക്കുകയായിരുന്നു. ഇന്ന് വൈകിട്ട് 4 ന് പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പ് നിർവഹിക്കും. മന്ത്രി വി എൻ വാസവൻ കെട്ടിടം മരിയ സദനം മക്കൾക്കായി സമർപ്പിക്കും. ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം എൽ എ, ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജ് , നഗരസഭാ ചെയർമാൻ ആന്റോ ജോസ്, നാരായണൻ നമ്പൂതിരി, മോൺ ജോസഫ് മലേപ്പറമ്പിൽ, ഫാ. ജോർജ് പഴയപറമ്പിൽ, നവജീവൻ ട്രസ്റ്റി പി യു തോമസ്, ബൈജു കൊല്ലംപറമ്പിൽ തുടങ്ങിയവർ പങ്കെടുക്കും.

സ്നേഹമന്ദിരത്തിന് മൂന്നുനിലകൾ.

ഒ പി, ഐസൊലേഷൻ വാർഡുകൾ.

ഡോക്ടർമാർക്കായി കൺസൾട്ടേഷൻ റൂം.

താഴത്തെ നിലയിൽ ഡോക്ടർമാരുടെ വാഹന പാർക്കിംഗ് .

മുൻഭാഗത്തായി വിശാലമായ വാഹന പാർക്കിംഗ്.

Advertisement
Advertisement