സ്മാർട്ട് പൊലീസിംഗ് : കേരള പൊലീസിന് അഞ്ച് അവാർഡ് 

Saturday 03 September 2022 2:25 AM IST

തിരുവനന്തപുരം: ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേമ്പേഴ്സ് ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) സ്മാർട്ട് പൊലീസിംഗ് അവാർഡ് കേരള പൊലീസിന്റെ അഞ്ച് വിഭാഗങ്ങൾക്ക് ലഭിച്ചു. സ്‌പെഷ്യൽ ജൂറി അവാർഡും കേരള പൊലീസിനാണ്. ന്യൂഡൽഹിൽ നടന്ന ചടങ്ങിൽ ആംഡ് പൊലീസ് ബ​റ്റാലിയൻ ഡി.ഐ.ജി രാജ്പാൽ മീണ പുരസ്‌കാരങ്ങൾ സ്വീകരിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന വിഭാഗത്തിൽ ചിരി എന്ന ഓൺലൈൻ ഹെല്പ് ലൈൻ പദ്ധതിക്കാണ് അവാർഡ്. മാനസികസംഘർഷം അനുഭവിക്കുന്ന കുട്ടികൾക്ക് ടെലിഫോണിലൂടെ കൗൺസലിംഗ് നൽകുന്ന പദ്ധതിയാണിത്.

കമ്മ്യൂണി​റ്റി പൊലീസിംഗ് വിഭാഗത്തിൽ കേരള പൊലീസ് അസിസ്​റ്റന്റ് എന്ന ചാ​റ്റ് ബോട്ട് സർവീസും, ദുരന്ത മേഖലകളിലെ അടിയന്തര ഇടപെടൽ വിഭാഗത്തിൽ ഡിസാസ്​റ്റർ ആൻഡ് എമർജൻസി റെസ്‌പോൺസ് സംവിധാനവും, പരിശീലന വിഭാഗത്തിൽ മൈൻഡ്ഫുൾ ലൈഫ് മാനേജ്‌മെന്റും, മ​റ്റ് പൊലീസ് സംരംഭങ്ങൾ പരിഗണിച്ചതിൽ സെന്റർ ഫോർ എംപ്ലോയി എൻഹാൻസ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റും അവാർഡിന് അർഹമായി.

Advertisement
Advertisement