പീഡനശ്രമം; ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിക്ക് ദാരുണാന്ത്യം

Saturday 03 September 2022 12:16 AM IST

ചണ്ഡിഗർ: പീഡനശ്രമം ചെറുക്കുന്നതിനിടെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട മുപ്പതു വയസ്സുകാരിക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രി​ ഹരിയാനയിലെ ഫത്തേബാദ് ഗ്രാമത്തിലാണ് സംഭവം. പ്രതി സന്ദീപിനെ (27) പൊലീസ് പി​ടികൂടി. ഒൻപത് വയസുള്ള മകനോടൊപ്പം സഞ്ചരിച്ചിരുന്ന യുവതിയെ ഇയാൾ പീഡി​പ്പി​ക്കാൻ ശ്രമി​ച്ചപ്പോൾ യുവതി ചെറുത്തു നി​ന്നതോടെ ട്രെയിനിൽ നിന്ന് തള്ളിയിടുകയും ഒപ്പം പ്രതിയും ചാടി​യെന്നുമാണ് കരുതുന്നത്.

ഫത്തേബാദിലെ തൊഹാന ടൗണിൽ ട്രെയിൻ എത്തിയപ്പോൾ കോച്ചിൽ കരഞ്ഞുകൊണ്ടിരുന്ന മകനെ മാത്രം കണ്ട യുവതിയുടെ ഭർത്താവ് കാര്യമന്വേഷിച്ചപ്പോഴാണ് വിവരം അറിയുന്നത്. പൊലീസും വീട്ടുകാരും ഏറെ നേരം നടത്തിയ അന്വേഷണത്തിനു ശേഷം ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തി​ൽ പ്രതി​ സന്ദീപി​നെയും കണ്ടെത്തി​.

സംഭവസമയം കോച്ചിൽ മൂന്നു യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഫത്തേബാദ് പൊലീസ് മേധാവി അസ്ത മോദി പറഞ്ഞു. കുറച്ചു ദിവസങ്ങളായി റൊഹ‌്താക്കിൽ താമസിച്ചിരുന്ന യുവതി തിരികെ തൊഹാനയിലേക്ക് മടങ്ങിവരികയായിരുന്നു എന്ന് ഭർത്താവ് പറഞ്ഞു. പരിക്കുകളുള്ളതിനാൽ പ്രതി​യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആശുപത്രി​ വി​ട്ടാൽ ഇയാളെ അറസ്റ്റു ചെയ്യും. 2011 ൽ കേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസിനു സമാനമായ രീതിയിലുള്ള ആക്രമണമാണ് നടന്നത്.

Advertisement
Advertisement