എടപ്പാടി പളനിസാമി ജനറൽ സെക്രട്ടറി: സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Saturday 03 September 2022 12:19 AM IST

ന്യൂഡൽഹി: എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയായി എടപ്പാടി പളനിസാമിയെ തിരഞ്ഞെടുത്ത ജനറൽ കൗൺസിൽ യോഗത്തിന്റെ നടപടി റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ജഡ്ജിയുടെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ചിന്റെ നടപടിക്കെതിരെ പളനിസാമി നൽകിയ അപ്പീലിൽ ജസ്റ്റിസ് എം. ദുരൈസാമി,ജസ്റ്റിസ് സുന്ദർ മോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്. ജൂലൈ 11ന് നടന്ന പാർട്ടി ജനറൽ കൗൺസിൽ യോഗം പളനിസാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി നിശ്ചയിച്ച് പ്രമേയം പാസാക്കിയിരുന്നു. ഈ തീരുമാനം ഒ.പനീർശെൽവം സമർപ്പിച്ച ഹർജിയിൽ ചോദ്യം ചെയ്തിട്ടില്ലെന്നും ഭേദഗതികൾ നടപ്പിലാക്കുന്നത് തടയണമെന്നാണ് ആവശ്യപ്പെട്ടതെന്നും അതിനപ്പുറത്തേക്ക് പോയാണ് സിംഗിൾ ബെഞ്ച് തീരുമാനമെടുത്തതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പളനിസാമിയുടെ എതിരാളിയായ പനീർ ശെൽവത്തെ കോ-ഓർഡിനേറ്റർ സ്ഥാനത്ത് നിന്നും പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്നും ഒഴിവാക്കിയത് ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് വിധിയുണ്ടായത്. ഇതിനെതിരെ പളനിസാമി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. വാദം കേട്ട കോടതി ആഗസ്റ്റ് 25ന് വിധി പറയാനായി മാറ്റി വച്ചിരുന്നു. ജയലളിതയുടെ മരണശേഷം താത്കാലിക ജനറൽ സെക്രട്ടറി വി.കെ ശശികല അറസ്റ്റിലായതോടെ പളനിസാമി,പനീർ ശെൽവം എന്നിവർ ജോയിന്റ് കോ-ഓർഡിനേറ്ററും കോ-ഓർഡിനേറ്ററുമായി ചുമതലയേറ്റിരുന്നു. ഇതിന്റെ കാലാവധി ജൂൺ 23ന് അവസാനിച്ചു.

Advertisement
Advertisement