കൊവിഷീൽഡ് പാർശ്വഫലം: മകൾ മരിച്ചതിന് 1,000 കോടിയുടെ നഷ്ടപരിഹാര ഹർജി  സീറം ഇൻസ്റ്റിറ്റ്യൂട്ടിനും ബിൽഗേറ്റ്സിനും നോട്ടീസ്

Saturday 03 September 2022 12:36 AM IST

ന്യൂഡൽഹി: കൊവിഷീൽഡ് വാക്സിന്റെ പാർശ്വഫലം മൂലം മെഡിക്കൽ വിദ്യാർത്ഥിനിയായ തന്റെ മകൾ മരിച്ചുവെന്നാരോപിച്ച് 1,000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദിലീപ് ലുനാവത് എന്നയാൾ

നൽകിയ ഹർജിയിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയ്ക്കും മൈക്രോസോഫ്റ്റ്‌ സ്ഥാപകൻ ബിൽ ഗേറ്റ്സിനും ബോംബെ ഹൈക്കോടതി നോട്ടീസ് അയച്ചു. തന്റെ മകൾ സ്നേഹൽ ലുനാവത് ആരോഗ്യ പ്രവർത്തകയായിരുന്നതിനാൽ മെഡിക്കൽ കോളേജിൽ വാക്സിൻ എടുക്കാൻ നിർബ്ബന്ധിതയായെന്നും

പാർശ്വഫലങ്ങൾ മൂലം മരണത്തിന് കീഴടങ്ങിയെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ ജസ്റ്റിസ് എസ്.വി. ഗംഗാപൂർവാലാ, ജസ്റ്റിസ് മാധവ് ജംദാർ എന്നിവരടങ്ങിയ ബെഞ്ച് ആഗസ്റ്റ് 26ന് നോട്ടീസ് അയച്ചു. ബിൽ ഗേറ്റ്സിന് വേണ്ടി അഭിഭാഷക സ്മിത ഠാക്കൂർ നോട്ടീസ് സ്വീകരിച്ചു. കൊവിഷീൽഡ് നിർമ്മാണത്തിന് സീറം ഇൻസ്റ്റിറ്റ്യൂട്ടിന് ധനസഹായം നൽകിയ ബിൽ ഗേറ്റ്സിനെ പങ്കാളിയെന്ന നിലയിലാണ് കക്ഷിയാക്കിയത്.

കൊവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങൾ കാരണം 2021 മാർച്ച് ഒന്നിന് മകൾ മരിച്ചതായും കേന്ദ്ര സർക്കാരിന്റെ അഡ്‌വേഴ്സ് ഇവന്റ്സ് ഫോളോയിംഗ് ഇമ്മ്യൂണൈസേഷൻ (എ.ഇ.എഫ്.ഐ) കമ്മിറ്റി 2021 ഒക്ടോബർ 2 ന് തന്റെ മകളുടെ മരണം കൊവിഷീൽഡിന്റെ പാർശ്വഫലങ്ങൾ മൂലമാണെന്ന് സ്ഥിരീകരിച്ചതായും ലുനാവത് ഹർജിയിൽ വ്യക്തമാക്കി. വാക്സിനുകൾ സുരക്ഷിതമാണെന്ന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയും ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ഡയറക്ടറും നൽകിയ ഉറപ്പ് തെറ്റായിരുന്നുവെന്നും ദിലീപ്

ലുനാവത് ഹർജിയിൽ പറയുന്നു. സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 1,000 കോടിയുടെ നഷ്ടപരിഹാരം ഈടാക്കിത്തരാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണം. കൊവിഷീൽഡ്

പാർശ്വഫലങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങളെ കുറിച്ച് ശരിയായ വിവരങ്ങൾ ഒളിച്ചു വയ്ക്കുന്ന ഗൂഗിൾ, യുട്യൂബ്, മെറ്റാ തുടങ്ങിയ സാമൂഹ്യ മാദ്ധ്യമ പ്ലാറ്റ്ഫോമുകൾക്ക് എതിരെ ഉചിതമായ നടപടിയെടുക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നും അഭിഭാഷകരായ അഭിഷേക് മിശ്ര, ദീപിക ജയ്സ്വാൾ എന്നിവർ മുഖേന സമർപ്പിച്ച ഹർജിയിൽ പറയുന്നു. മഹാരാഷ്ട്ര സർക്കാർ, കേന്ദ്രസർക്കാർ, കേന്ദ്രആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഡി.സി.ജി.ഐ, എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ എന്നിവരും എതിർകക്ഷികളാണ്.

Advertisement
Advertisement