പുറമ്പോക്കിൽ നിന്ന് മരം മുറിച്ചുകടത്തിയ 2 പേർ അറസ്റ്റിൽ

Saturday 03 September 2022 2:34 AM IST

വെള്ളറട: കാരക്കോണം കൂനമ്പനയിൽ പുറമ്പോക്ക് ഭൂമിയിൽ നിന്ന് മരം മുറിച്ചുകടത്തിയ കേസിൽ 2 പേർ അറസ്റ്റിൽ. ലക്ഷങ്ങൾ വിലവരുന്ന ആഞ്ഞിലി മരമാണ് മുറിച്ചുകടത്തിയത്. തിരുവനന്തപുരം ശാസ്തമംഗലം സി. പി ജി. പി ലെയ്നിൽ ഹൗസ് നമ്പർ 27 വീട്ടിൽ പ്രസാദ് (54), കുന്നത്തുകാൽ മാണിനാട് ആർ. എസ് നിവാസിൽ മാണി എന്ന ശിവകുമാർ (42) എന്നിവരാണ് അറസ്റ്റിലായത്.

മരം മുറിക്കുന്നതുകണ്ടെത്തിയ നാട്ടുകാരോട് പി. ഡബ്ളിയു. ഡി യുടെ അനുമതി വാങ്ങിയാണ് മുറിക്കുന്നതെന്നുപറഞ്ഞ് കബളിപ്പിച്ചാണ് മരം മുറിച്ചത്. സ്വകാര്യ ഭൂമിയിൽ നിൽക്കുന്ന മരമാണ് മുറിക്കുന്നതെന്ന് വൈദ്യുതി വകുപ്പ് അധികൃതരെയും അറിയിച്ചു. സംശയം തോന്നിയ നാട്ടുകാർ പൊതുമരാമത്ത് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് അവർ വെള്ളറട പൊലീസിൽ പരാതി നൽകി. തുടർന്ന് റവന്യു വകുപ്പ് അധികൃതരോട് സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ പൊലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന്, റീസർവേ അധികൃതർ സ്ഥലം അളന്ന് തിട്ടപ്പെടുത്തി. പൊലീസിന് നൽകിയ റിപ്പോർട്ടിൽ സർക്കാർ പുറംപോക്കിൽ നിന്നാണ് മരം മുറിച്ചതെന്ന് കണ്ടെത്തി. വെള്ളറട സി. ഐ മൃദുൽ കുമാർ , എസ്. ഐ ആന്റണി ജോസഫ് നെറ്റോ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സനൽ, സജിൻ, സുനിൽ, പ്രഭുല്ലചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർ പ്രദീപ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. മുറിച്ചുകടത്തിയ തടി വ്ളാങ്കുളത്ത് പൊലീസ് കണ്ടെത്തി.

Advertisement
Advertisement