സുരക്ഷയൊരുക്കാൻ രണ്ടായിരം പൊലീസ്

Saturday 03 September 2022 12:59 AM IST
സുരക്ഷയൊരുക്കാൻ രണ്ടായിരം പൊലീസ്

ആലപ്പുഴ : നെഹ്‌റുട്രോഫി വള്ളംകളിയുടെ സുരക്ഷാ ഡ്യൂട്ടിക്കും ട്രാഫിക് ക്രമീകരണങ്ങൾക്കുമായി രണ്ടായിരം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. പുന്നമടയും പരിസര പ്രദേശങ്ങളും 15 സെക്ടറുകളായി തിരിച്ച് ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവിനറെ നേതൃത്വത്തിൽ 20 ഡിവൈ.എസ്.പിമാർ , 50 സി.ഐമാർ, 465 എസ്.ഐമാർ എന്നിവർ ഡ്യൂട്ടിയിലുണ്ടാകും. കരയിലേത് പോലെ തന്നെ പുന്നമടക്കായലിലും 50 ബോട്ടുകളിലായി പൊലീസ് ഉദ്യോഗസ്ഥരുണ്ടാകും. പുന്നമട ഭാഗം പൂർണമായും കാമറാ നിരീക്ഷണത്തിലാക്കും.

കായലിൽ ചാടിയാൽ അകത്താകും

 ഷാഡോ പൊലീസ് ഉദ്യോഗസ്ഥരെയും സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും നിയമിക്കും
 നിയമാവലികൾ അനുസരിക്കാത്ത വള്ളങ്ങളെ കണ്ടെത്താൻ വീഡിയോ കാമറകൾ

 സ്റ്റാർട്ടേഴ്‌സിന്റെയും ഒഫീഷ്യൽസിന്റെയും നിർദ്ദേശങ്ങൾ അവഗണിക്കുന്നവരെ അയോഗ്യരാക്കും

 കായലിൽ ചാടി മത്സരം തസ്സപ്പെടുത്താൻ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യും

 മത്സര സമയം ഡ്രോൺ ഉപയോഗിക്കാൻ അനുമതി വാങ്ങണം

പാസ് പരിശോധിക്കാൻ ബാരിക്കേഡ്
പാസെടുത്ത് പവലിയനിലെത്തുന്നവർക്ക് സീറ്റ് ലഭിക്കുന്നില്ലെന്ന ആക്ഷേപം ഒഴിവാക്കുന്നതിന്, ഫിനിഷിംഗ് പോയിന്റിലന പ്രധാന കവാടത്തിലേക്കുള്ള റോഡിൽ ബാരിക്കേഡ് സ്ഥാപിക്കും. അതിക്രമിച്ചു കയറി സീറ്റ് കൈക്കലാക്കുന്നവരെ തടയുന്നതിന് രാവിലെ 6 മുതൽ പൊലീസുദ്യോഗസ്ഥരെ ഇവിടെ വിന്യസിക്കും. പാസ് / ടിക്കറ്റുമായി പവലിയനിൽ പ്രവേശിച്ച് കഴിഞ്ഞാൽ വള്ളംകളി തീരുന്നതിനുമുമ്പ് പുറത്തുപോയാൽ പിന്നിട് തിരികെ പ്രവേശിപ്പിക്കില്ല.

ട്രാക്കിൽ കയറരുത്
രാവിലെ 8 മണിക്ക് ശേഷം ഒഫിഷ്യൽസിന്റെയല്ലാത്ത ബോട്ടുകളും, സ്പീഡ് ബോട്ടുകളും, വള്ളങ്ങളും മത്സരട്രാക്കിൽ പ്രവേശിക്കരുത്. ഇങ്ങനെ പ്രവേശിക്കുന്ന വള്ളങ്ങൾ പിടിച്ചുകെട്ടി നിയമനടപടി സ്വീകരിക്കും. പെർമിറ്റും ഡ്രൈവറുടെ ലൈസൻസും കുറഞ്ഞത് മൂന്ന് വർഷത്തേക്ക് സ്‌പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യും. അനൗൺസ്‌മെൻറ് / പരസ്യബോട്ടുകൾ രാവിലെ 8 മണിക്ക് ശേഷം ട്രാക്കിലും പരിസരത്തും സഞ്ചരിക്കരുത്

 രാവിലെ 10ന് ശേഷം ഡി.ടി.പി.സി ജെട്ടി മുതൽ പുന്നമടകായലിലേക്കും തിരിച്ചും ബോട്ട് സർവ്വീസ് അനുവദിക്കില്ല
കളികാണാൻ ബോട്ടിലെത്തുന്നവർ രാവിലെ 10ന് മുമ്പ് എത്തിച്ചേരണം

കനാലിലേക്കും മറ്റും പ്ലാസ്റ്റിക്ക് കുപ്പികളോ മറ്റ് സാധനങ്ങളോ വലിച്ചെറിയരുത്

 പരസ്യ മദ്യപാനം തടയുന്നതിന് റെയ്ഡുകൾ നടത്താൻ ഷാഡോ പൊലീസുണ്ടാകും

ഗതാഗത നിയന്ത്രണം

നാളെ രാവിലെ 9 മണിമുതൽ നഗരത്തിൽ വാഹന ഗതാഗത നിയന്ത്രണമുണ്ടാകും. രാവിലെ 6 മുതൽ ജനറൽ ആശുപത്രി ജംഗ്ഷന് വടക്കുവശം മുതൽ കൈചൂണ്ടി ജംഗ്ഷൻ, കൊമ്മാടി ജംഗ്ഷൻ വരെയുള്ള റോഡരികുകളിൽ പാർക്കിംഗ് അനുവദിക്കില്ല. അനധികൃതമായി പാർക്കുചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് ഉടമയിൽ നിന്ന് പിഴ ഈടാക്കും.

ജില്ലാ കോടതി വടക്കേ ജംഗ്ഷൻ മുതൽ കിഴക്കോട്ട് തത്തംപള്ളി കായൽ കുരിശടി ജംഗ്ഷൻ വരെ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ വാഹനഗതാഗതം അനുവദിക്കില്ല. വൈ.എം.സി.എ തെക്കേ ജംഗ്ഷൻ മുതൽ കിഴക്ക് ഫയർഫോഴ്‌സ് ഓഫീസ് വരെയുള്ള ഭാഗത്ത് കെ.എസ്.ആർ.ടി.സി ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതം അനുവദിക്കില്ല

പാർക്കിംഗ്
വള്ളംകളി കാണാൻ ആലപ്പുഴ - തണ്ണീർമുക്കം റോഡിലൂടെ വരുന്ന വാഹനങ്ങൾ എസ്.ഡി.വി സ്‌ക്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. എറണാകുളം ഭാഗത്തു നിന്ന് നാഷണൽ ഹൈവേയിലൂടെ വരുന്ന വാഹനങ്ങൾ കൊമ്മാടി, ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷൻ വഴി എസ്.ഡി.വി സ്‌ക്കൂൾ ഗ്രൗണ്ടിലെത്തി പാർക്കു ചെയ്യണം. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കൈതവന ഭാഗത്തുകൂടി വരുന്ന വാഹനങ്ങൾ കാർമൽ, സെന്റ് ആൻറണീസ് സ്‌ക്കൂൾ ഗ്രൗണ്ടിൽ പാർക്കുചെയ്യണം. വള്ളംകളി കഴിഞ്ഞ് നെഹ്‌റു പവലിയനിൽ നിന്നും തിരികെ പോകുന്നവർക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisement
Advertisement