മൃഗങ്ങളെ കൂളാക്കും ഐസ് ക്യൂബ്

Saturday 03 September 2022 4:54 AM IST

ന്യൂയോർക്ക് : ഉഷ്ണകാലം മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും വെല്ലുവിളി സമയമാണ്. മൃഗങ്ങളെ ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. അത്തരത്തിൽ മൃഗങ്ങൾക്കായി സംരക്ഷണം തീർക്കുകയാണ് യു.എസിലെ കാലിഫോർണിയയിലെ സാന്റാ ബാർബറ മൃഗശാല. കാലിഫോർണിയ ശക്തമായ ഉഷ്ണ തരംഗത്തിലൂടെയാണ് കടന്നുപോകുന്നത്. സിംഹം മുതൽ കങ്കാരു വരെ വിവിധ സ്പീഷീസിലെ നിരവധി ജീവികൾ സാന്റാ ബാർബറ മൃഗശാലയിലുണ്ട്.

മൃഗശാലയിൽ തന്നെ ഐസ് ചേർത്തുണ്ടാക്കുന്ന ആഹാരവും തണുത്ത വെള്ളത്തിലെ കുളിയുമൊക്കെയാണ് ഇവരെ പകൽ സമയങ്ങളിൽ ' കൂളാക്കി" വയ്ക്കാൻ മൃഗശാല അധികൃതർ ചെയ്യുന്നത്. ചില മൃഗങ്ങളെ ദിവസവും ഒന്നിലേറെ തവണ കുളിപ്പിക്കേണ്ടി വരുന്നു.

സിംഹങ്ങൾക്ക് ഇറച്ചിക്കഷണങ്ങൾ ഐസിൽ പൊതിഞ്ഞാണ് നൽകുന്നത്. പ്രത്യേകം തയാറാക്കിയ ഇറച്ചി ഫ്ലേവറിലെ ഐസ് ബ്ലോക്കുകളുമുണ്ട്. ശരീരം ചൂടിൽ തളരാതിരിക്കാൻ പോഷക ഘടകങ്ങളും മൃഗങ്ങൾക്ക് നൽകുന്നുണ്ട്.

പകൽ സമയത്ത് ചൂടുകൂടുമ്പോൾ മൃഗങ്ങൾ അസ്വസ്ഥതകൾ പ്രകടമാക്കുകയും കിതയ്ക്കുകയും ചെയ്യും. ഇത് മറികടക്കാൻ തണുത്ത വെള്ളം നിറച്ച പൂളുകളും മറ്റും സഹായിക്കുമെന്നും അധികൃതർ പറയുന്നു. നിലവിൽ 35 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് കാലിഫോർണിയയിലെ താപനില.

Advertisement
Advertisement