ഓണം വിപണനമേളയിൽ തിരക്കേറി.

Sunday 04 September 2022 12:02 AM IST

കോട്ടയം . ഓണാഘോഷത്തോട് അനുബന്ധിച്ച് ഓണം ഫെയറുകളിൽ തിരക്കേറുന്നു. കുടുംബശ്രീ, സപ്ലൈകോ, ഹോർട്ടികോർപ്പ് എന്നിവയുടെ ഓണം ഫെയറുകളാണ് നഗരത്തിൽ വിവിധയിടങ്ങളിലായി നടക്കുന്നത്. വിലക്കുറവിൽ സാധനങ്ങൾ വാങ്ങുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിപ്പേരാണ് എത്തുന്നത്. സംരംഭകരുടെയും കർഷകരുടെയും ഉത്പന്നങ്ങൾ നേരിട്ട് വിപണിയിൽ എത്തിച്ച് വിപണനം നടത്തുകയും ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയുമാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.

ജില്ലാ വ്യവസായ കേന്ദ്രവുമായി സഹകരിച്ച് 80 കുടുംബശ്രീ യൂണിറ്റുകളുടെ ഉത്പന്നങ്ങളാണ് തിരുനക്കര മൈതാനിയിലെ സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്. ഫുഡ് ഐറ്റംസ്, വിവിധതരം ചിപ്‌സുകൾ, കേക്ക്, ഹാൻഡിക്രാഫ്റ്റ്, തുണിത്തരങ്ങൾ, അച്ചാറുകൾ, സാനിറ്ററി സാധനങ്ങൾ, ജുവലറി മെറ്റീരിയിൽസ്, ഇരുമ്പ് ഉപകരണങ്ങൾ തുടങ്ങിയവയും കാർഷിക വിളകളും സ്റ്റാളിൽ അണിനിരന്നിട്ടുണ്ട്. മേളയുടെ പ്രധാന ആകർഷണം, ജില്ലയിലെ ഗോത്രവിഭാഗങ്ങൾ നിർമ്മിച്ചെടുത്ത പരമ്പരാഗത ഉത്പന്നങ്ങളായ കുട്ട, വട്ടി, മുറം, ചൂൽ, പൂക്കൊട്ട, മീൻകൂട എന്നിവയാണ്.

സപ്ലൈകോ ചന്തക്കവല വാഴക്കാല ബിൽഡിംഗിൽ ഒരുക്കിയിരിക്കുന്ന മളയിൽ കേരള സാൻഡൽ സോപ്പ്, മിൽമയുടെ ഉത്പന്നങ്ങൾ, ഹോർട്ടികോർപ്പ് പച്ചക്കറികൾ, സപ്ലൈകോ ഭക്ഷ്യ ഭക്ഷ്യേതര ഉത്പന്നങ്ങൾ എന്നിവയുണ്ട്.

Advertisement
Advertisement