ഓണത്തെ വരവേൽക്കാൻ ഒരുങ്ങി വാമന ക്ഷേത്രവും

Sunday 04 September 2022 1:49 AM IST

വാമനപുരം: ഓണഐതിഹ്യവുമായി ബന്ധപ്പെട്ട് പ്രസിദ്ധി ആർജിച്ച വാമനന്റെ പേരിൽ അറിയപ്പെടുന്നൊരു നാടും,നദിയും, വാമന ആരാധന മൂർത്തിയായ ഒരു ക്ഷേത്രവും വെഞ്ഞാറമൂട്ടിലുണ്ട്. ആദ്യകാലത്ത്'ഉലക് അളന്ത പെരുമാൾ കോവിൽ 'എന്നറിയപ്പെട്ടിരുന്ന വാമനപുരമാണ് ആ പ്രദേശം. ഇവിടെ സ്ഥിതി ചെയ്യുന്ന വാമന മൂർത്തി ക്ഷേത്രം തെക്കൻ കേരളത്തിലെ അറിയപ്പെടുന്ന ഒരേ ഒരു വാമനക്ഷേത്രം കൂടിയാണ്.

1500 കൊല്ലം പഴക്കമുള്ള ക്ഷേത്രം രാജഭരണകാലത്ത് നിർമ്മിച്ചതാണ്. പൂർണമായും കരിങ്കല്ലിനാലാണ് ക്ഷേത്ര നിർമ്മാണം. ഓണവുമായി ബന്ധപ്പെട്ട വാമന അവതാരത്തിലുള്ള മഹാവിഷ്ണുവിന്റെ ചതുർബാഹു സങ്കൽപ്പത്തിലുള്ള വിഗ്രഹപ്രതിഷ്ഠയാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. എല്ലാമാസത്തിലെയും തിരുവോണം നാളിൽ പ്രത്യേക വിശേഷാൽ പൂജകളും നിവേദ്യവും ഇവിടെ നടത്തുന്നു.

ആദ്യകാലത്ത് അകവൂർ മനയുടെ അധീനതയിലായിരുന്നു ഈ ക്ഷേത്രം. പിന്നീട് ദേവസ്വം ബോർഡിന് വിട്ടു കൊടുക്കുകയായിരുന്നു. മൃഗങ്ങളുടെ രൂപം കൊത്തിവച്ച ശില്പങ്ങൾ മാല പോലെ ശ്രീകോവിലിന് ചുറ്റും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇത് ഇവിടെ മാത്രം കാണാവുന്ന പ്രത്യേകതയാണ്.

പണ്ടുകാലത്ത് ഈ ക്ഷേത്രം തേവർകോവിൽ എന്ന് അറിയപ്പെട്ടിരുന്നു. നാല് വർഷത്തിന് മുൻപ് നട അടച്ചിട്ട് പോയതിനുശേഷം അമ്പലത്തിലെ മണ്ഡപത്തിന് ചുറ്റാകെ ശിശുവിന്റെ കാൽപ്പാദങ്ങൾ പതിഞ്ഞ പാടുകൾ കണ്ടെത്തിയിരുന്നു. അത്തം പിറന്നു കഴിഞ്ഞാൽ തിരുവോണ ദിവസം വരെയുള്ള ഓരോ ദിവസവും മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളുടെ മുഖച്ചാർത്ത് അവതാരമുറ പ്രകാരം പ്രതിഷ്ഠയിൽ ചാർത്തുന്നു. പത്താമത്തെ ദിനമായ തിരുവോണം നാളിൽ വാമനാവതാരം മുഖച്ചാർത്തായി വരുന്നു. അന്നേ ദിവസം വിശേഷാൽ പൂജകളും വഴിപാടുകളും നടത്തും.

Advertisement
Advertisement