ഐ.ഐ.ടി വിദ്യാർത്ഥിയുടെ ആത്മഹത്യ: ഫോറൻസിക്ക് വിവരങ്ങൾ തേടി പൊലീസ്

Sunday 04 September 2022 12:29 AM IST

ഹൈദരാബാദ് : ബുധനാഴ്ച തെലങ്കാനയിലെ സാങ്കറെഡ്ഡി ജില്ലയിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട ഐ.ഐ.ടി ഹൈദരാബാദിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി ബി. രാഹുലിന്റെ (24) മരണത്തിൽ ദുരൂഹത ഉണ്ടോയെന്ന് കണ്ടെത്താൻ പോസ്റ്റ്മാർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും കാത്ത് പൊലീസ്. രാഹുൽ തൂങ്ങി മരിച്ചു എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ടെന്ന് കുടുംബം പറഞ്ഞിരുന്നു. എന്നാൽ, മുറി അകത്തു നിന്ന് താഴിട്ടിരിക്കുകയായിരുന്നെന്നുെം ഐ.ഐ.ടി ജീവനക്കാർ മുറി ബലമായി തുറക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ആന്ധ്രാ പ്രദേശിലെ കുർണൂൽ ജില്ലയിലെ നന്ദ്യാൽ പട്ടണത്തിലെ സ്വദേശിയായിരുന്ന രാഹുൽ ഐ.ഐ.ടി സ്മാർട്ട് മൊബിലിറ്റി ‌വിഭാഗത്തിലെ രണ്ടാം വർഷ എം.ടെക് വിദ്യാർത്ഥിയായിരുന്നു. ബുധനാഴ്ച രാഹുൽ മുറി തുറക്കുന്നില്ലെന്നും ഫോൺ എടുക്കുന്നില്ലെന്നുമാണ് അസിസ്റ്റന്റ് പ്രൊഫസറെ അറിയിച്ചത്. മുറി തുറന്നപ്പോൾ നിലത്ത് കിടക്കുന്ന രാഹുലിനെയാണ് കണ്ടത്. മുറി പരിശോധിച്ചപ്പോൾ 'എന്റെ പ്രബന്ധം ലക്ഷ്യമില്ലാത്തതാണെന്ന് എനിക്ക് തോന്നുന്നു" എന്ന് എഴുതിയ ഒരു കുറിപ്പ് കണ്ടെത്തിയതായി എഫ്.ഐ.ആറിൽ പറയുന്നു. മൊബൈൽ ഫോണും കംപ്യൂട്ടറും ഫോറൻസിക്ക് പരിശോധയ്ക്ക് അയച്ചിരിക്കുകയാണ്. അതേസമയം, തിങ്കളാഴ്ചയാണ് രാഹുലിനെ അവസാനമായി കണ്ടതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ആഗസ്റ്റ് 27ന് രാഹുലിന്റെ പിറന്നാൾ ദിവസം വീട്ടുകാരോട് സംസാരിച്ചിരുന്നു.

Advertisement
Advertisement