രാഹുൽ മത്സരിക്കില്ലെന്ന് ആവർത്തിച്ച് നേതൃത്വം

Sunday 04 September 2022 12:35 AM IST

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി മത്സരിക്കില്ലെന്ന് ആവർത്തിച്ച് എ.ഐ.സി.സി നേതൃത്വം. എന്നാൽ, രാഹുൽ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ ശക്തമായി രംഗത്തുണ്ട്.

വിദേശത്തു നിന്ന് മടങ്ങിയെത്തിയ രാഹുൽ ഗാന്ധി ഇന്ന് ഡൽഹിയിൽ നടക്കുന്ന റാലിയെ അഭിസംബോധന ചെയ്യുകയും സെപ്‌തംബർ 7ന് തുടങ്ങുന്ന ഭാരത് ജോഡോ യാത്രയ്‌ക്ക് നേതൃത്വം നൽകുകയും ചെയ്യുന്നത് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മടങ്ങിവരവ് ലക്ഷ്യമിട്ടാണെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ, അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് ഉറപ്പായ സാഹചര്യത്തിൽ രാഹുൽ മത്സരിക്കാൻ തയ്യാറായേക്കില്ലെന്നാണ് നേതൃത്വം നൽകുന്ന സൂചന.

ജി -23 വിഭാഗം ശശി തരൂരിനെ മുൻനിറുത്തി പ്രചാരണം തുടങ്ങിയിട്ടുണ്ട്. ഗാന്ധി കുടുംബത്തിൽ നിന്ന് ആരും മത്സരിക്കില്ലെന്ന് ഉറപ്പിന്റെ അടിസ്ഥാനത്തിലാണിത്. ഔദ്യോഗിക വിഭാഗം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ മത്സരിപ്പിക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

രാഹുൽ നേതൃസ്ഥാനത്തേക്ക് തിരിച്ചുവരില്ലെന്ന ധാരണ പാർട്ടിയിൽ സജീവമാണ്. എന്നാൽ, പാർട്ടിയെ നയിക്കാൻ യോഗ്യനായ നേതാവ് രാഹുൽ തന്നെയാണെന്ന് ചൂണ്ടിക്കാട്ടി അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. രാഹുലിനെ ബോദ്ധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ അവസാനം വരെ തുടരുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖാർഗെ, സൽമാൻ ഖുർഷിദ് തുടങ്ങിയവർ പറഞ്ഞു. രാഹുലിന്റെ നാമനിർദ്ദേശ പത്രികയിൽ നിർദ്ദേശകനായി ഒപ്പിടാൻ തയ്യാറാണെന്ന് എ.ഐ.സി.സി സെക്രട്ടറി വംശി ചന്ദ് റെഡ്ഡി ട്വീറ്റ് ചെയ്‌തിരുന്നു. വിലക്കയറ്റത്തിനെതിരായ ഇന്നത്തെ ഡൽഹി റാലിയും സെപ്‌തംബർ 7ന് തുടങ്ങുന്ന ഭാരത് ജോഡോ യാത്രയുടെയും വിജയത്തെ ആശ്രയിച്ചായിരിക്കും രാഹുലിന്റെ നിലപാട് മാറ്റം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് രാഹുൽ ഗാന്ധി കന്യാകുമാരി മുതൽ കാശ്മീർ വരെ നീളുന്ന 150 ദിവസത്തെ ഭാരത് ജോഡോ യാത്ര നടത്തുന്നത്. ഇന്ന് രാംലീല മൈതാനിയിൽ നടക്കുന്ന റാലിയിലും രാഹുൽ മുഖ്യപ്രഭാഷകനാകും.

Advertisement
Advertisement