പെൻഷനില്ല; നിർമ്മാണ തൊഴിലാളികൾക്ക് കണ്ണീരോണം

Saturday 03 September 2022 10:07 PM IST

തൃശൂർ: ഓണമായിട്ടും സംസ്ഥാനത്തെ മൂന്ന് ലക്ഷത്തോളം വരുന്ന കെട്ടിടനിർമ്മാണ തൊഴിലാളികൾ പെൻഷൻ ലഭിക്കാതെ വലയുന്നു. അധികൃതരുമായി നിരവധി തവണ ബന്ധപ്പെട്ടെങ്കിലും അഞ്ച് മാസത്തെ കുടിശിക കിട്ടിയില്ലെന്ന് കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സെസ് പിരിവിൽ വന്ന വീഴ്ച മൂലം പ്രതിസന്ധിയിലായ ക്ഷേമനിധി ബോർഡിന് 1,000 കോടി സഹായം നൽകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. 100 കോടിയെങ്കിലും ഉടൻ നൽകണം. 65,000 കോടിയാണ് സെസ് കുടിശിക. സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ മുൻ സർക്കാരുകളെ ബോർഡ് സഹായിച്ചതിന് ഇപ്പോൾ പ്രത്യുപകാരം ചെയ്യണമെന്നും ആവശ്യപ്പെട്ടു. മരണാനന്തര സഹായം, ചികിത്സാ ആനുകൂല്യം, വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ, പ്രസവ ധനസഹായം എന്നിവയും കിട്ടുന്നില്ല.

60 കഴിഞ്ഞാലും പെൻഷനില്ല

60 കഴിഞ്ഞാൽ പെൻഷൻ നൽകണമെന്ന വ്യവസ്ഥയ്ക്ക് വിരുദ്ധമായ പുതിയ ഉത്തരവും പ്രശ്‌നമാണ്. ധനകാര്യ സെക്രട്ടറി ഒപ്പിടുന്ന തീയതി മുതലേ പെൻഷൻ നൽകുകയുള്ളൂവെന്ന ഉത്തരവ് പിൻവലിക്കണം. രണ്ടര വർഷം മുമ്പ് അപേക്ഷിച്ചിട്ടും ഇതുവരെയും പെൻഷൻ ലഭിക്കാത്തവരുണ്ട്. അവർക്ക് ഇതുവരെയുള്ള പെൻഷൻ നഷ്ടപ്പെട്ടു. 600 രൂപ വിഹിതം അടച്ച് ക്ഷേമനിധിയിൽ ചേരുന്ന തൊഴിലാളിക്ക് കൃത്യമായി പെൻഷനും, വാഗ്ദാനം ചെയ്ത മറ്റ് ആനുകൂല്യങ്ങളും നൽകണം.

ജില്ലാ സമ്മേളനം ഒക്ടോബറിൽ

സംഘടനയുടെ ജില്ലാ സമ്മേളനം അടുത്ത മാസം തൃശൂരിൽ നടത്തും. രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ 200 വൊളണ്ടിയർമാർ അനുഗമിക്കുമെന്നും പറഞ്ഞു. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി.സി.തോമസ്, വൈസ് പ്രസിഡന്റ് കെ.വി.കബീർ, ജനറൽ സെക്രട്ടറിമാരായ കുട്ടൻ പുളിക്കലാൻ, തോമസ് വടക്കൻ, വി.വി.രാംകുമാർ എന്നിവർ പങ്കെടുത്തു.