മുള്ളേരിയയിൽ വീട്ടിൽ നിന്ന് ആറുപവൻ സ്വർണം കവർന്നു

Saturday 03 September 2022 10:08 PM IST

മുള്ളേരിയ; മുള്ളേരിയയിൽ വീട്ടിൽ നിന്ന് ആറുപവൻ സ്വർണം കവർന്നു. മുള്ളേരിയ കരിമ്പുവളപ്പിലെ കിഷോർകുമാറിന്റെ വീട്ടിൽ നിന്നാണ് സ്വർണം മോഷണം പോയത്. ഗണേശോൽസവത്തിന്റെ ഭാഗമായി മുള്ളേരിയയിൽ നടന്ന ശോഭായാത്ര കാണാൻ വൈകിട്ട് 6.15 മണിയോടെ കിഷോറും ഭാര്യയും അടക്കമുള്ള കുടുംബം വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. രാത്രി 7.45 മണിക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ആറുപവൻ സ്വർണം കാണാനില്ലെന്ന് വ്യക്തമായത്. കിഷോറിന്റെ ഓർമശക്തി നഷ്ടപ്പെട്ട അഛൻ മോഷണം നടക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നു. ഇദ്ദേഹത്തിന് കാഴ്ച ശക്തിയും കുറവാണ്. അഛൻ വീട്ടിലുണ്ടായിരുന്നതിനാൽ വാതിലടക്കാതെയാണ് കിഷോറും കുടുംബവും ശോഭായാത്ര കാണാൻ പോയിരുന്നത്. ഈ അവസരം മുതലെടുത്ത് മോഷ്ടാവ് അകത്തുകടക്കുകയും അലമാരയിൽ നിന്ന് സ്വർണം കൈക്കലാക്കി കടന്നുകളയുകയുമായിരുന്നു. പൊലീസും വിരടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും കവർച്ച നടന്ന വീട്ടിലെത്തി പരിശോധന നടത്തി. ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.