സ്‌പീക്കറാകുമ്പോൾ ഷംസീറും പരുവപ്പെടും: എം.ബി.രാജേഷ്

Sunday 04 September 2022 12:50 AM IST

തിരുവനന്തപുരം: സ്‌പീക്കറുടെ ചുമതലയ്ക്കനുസരിച്ച് എ.എൻ.ഷംസീറിനും പരുവപ്പെടാനാകുമെന്ന് നിയുക്ത മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഭരണപക്ഷ നിരയിലെ മുൻനിരക്കാരനായിരുന്നു ഷംസീർ. സഭയിൽ ഭരണ- പ്രതിപക്ഷ ഏറ്റുമുട്ടലുണ്ടായപ്പോൾ അദ്ദേഹം അതിന്റെ മുമ്പിലുണ്ടായിരുന്നു. എന്നാൽ, സ്പീക്കറുടെ ചുമതലയിൽ എത്തുമ്പോൾ അദ്ദേഹത്തിന് അതിനനുസരിച്ച് പ്രവർത്തിക്കേണ്ടി വരുമെന്നും സ്‌പീക്കർ സ്ഥാനം രാജിവച്ച ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

താൻ സ്‌പീക്കറായപ്പോൾ എല്ലാവരും ചോദിച്ചത് സ്ട്രൈക്കർ ആയിരുന്ന ആൾ റഫറി ആയല്ലോ എന്നാണ്. റഫറിയായിട്ടുള്ള പ്രവർത്തനം അത്ര മോശമായി തോന്നിയിട്ടില്ല. പ്രതിപക്ഷവും മോശമായി ഒന്നും പറഞ്ഞില്ലെന്ന് മാത്രമല്ല, ഏറ്റവും വലിയ അംഗീകാരം നൽകിയതും അവരാണ്. അതുപോലെ ഷംസീറിനും ആ ചുമതലയ്‌ക്കനുസരിച്ച് പരുവപ്പെടേണ്ടി വരും.

ജനപക്ഷ നിലപാടുകളിലും സഭ ചേരുന്ന കാര്യത്തിലും കേരള നിയമസഭ മാതൃകയാണ്. തന്റെ കാലത്ത് 83 ദിവസം സഭ സമ്മേളിച്ചു. 65 നിയമങ്ങൾ പാസാക്കി. സഭാനടപടികളിൽ സമയക്രമം പാലിക്കാനായി. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തുല്യപരിഗണന നൽകാൻ പരമാവധി ശ്രമിച്ചു. പ്രതിപക്ഷത്തിന്റെ ശബ്ദവും ഉറപ്പാക്കി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നൽകിയ പിന്തുണയും സഹകരണവും നിർണായകമായിരുന്നു.

ഡെപ്യൂട്ടി സ്‌പീക്കറും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പൂർണ പിന്തുണ നൽകി. സഭ പാസാക്കിയ സർവകലാശാല ബിൽ അടക്കമുള്ളവ രാജ്ഭവനിലേക്ക് അയച്ചിട്ടുണ്ട്. കിട്ടിയോ എന്നറിയില്ല. ഇനി അതിൽ തീരുമാനം എടുക്കേണ്ടത് ഗവർണറാണ്. പുതിയ സ്‌പീക്കറെ തിരഞ്ഞെടുക്കാൻ സഭ വൈകാതെ ചേരും.

 രാഷ്ട്രീയം പറയാൻ മടി കാട്ടിയിട്ടില്ല

15 മാസം സ്‌പീക്കറായിരുന്നപ്പോൾ നിരവധി പാഠങ്ങളും കാര്യങ്ങളും പഠിക്കാനായി. പാർലമെന്റിലെ പ്രവർത്തനപരിചയം ഉണ്ടായിരുന്നെങ്കിലും അതിലും പ്രധാനപ്പെട്ട ചില പാഠങ്ങളാണ് ഇവിടെ നിന്ന് ലഭിച്ചത്. സ്‌പീക്കറായിരുന്നപ്പോൾ രാഷ്ട്രീയം പറയാൻ മടി കാട്ടിയിട്ടില്ല. എന്നാൽ കക്ഷി രാഷ്ട്രീയം പറയുമ്പോൾ മിതത്വം പുലർത്തിയിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നിയമസഭയിൽ നടത്തിയ പ്രസംഗം ശക്തമായ രാഷ്ട്രീയ നിലപാട് തന്നെയായിരുന്നു.