ഡ്രഡ്‌ജർ അഴിമതി കേസ്: പലരുടെയും പ്രതി​കാരമെന്ന് ജേക്കബ് തോമസ് സുപ്രീംകോടതിയിൽ

Sunday 04 September 2022 12:11 AM IST

ന്യൂഡൽഹി​: കെ.എസ്.എം.ഡി​.സി​ക്കുവേണ്ടി​ കട്ടർ സക്‌ഷൻ ഡ്രഡ്‌ജർ വാങ്ങി​യതിന് തനി​ക്കെതി​രെയുള്ള കേസ് പ്രതി​കാര നടപടി​യാണെന്ന് മുൻ ഡി​.ജി​.പി​ ജേക്കബ്‌ തോമസ് സുപ്രീംകോടതി​യി​ൽ നൽകി​യ സത്യവാങ്‌മൂലത്തി​ൽ പറഞ്ഞു. കേസി​ൽ തന്നെ കുടുക്കാൻ മന്ത്രിമാരും ഐ.എ.എസ്, ഐ.പി.എസ് ഉന്നതരും ഗൂഢാലോചന നടത്തി. വി​ജി​ലൻസ് കേസ് റദ്ദാക്കി​യ ഹൈക്കോടതി​ വി​ധി​ ചോദ്യം ചെയ്‌ത് സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വി​ജി​ലൻസ് ഡയറക്‌ടർ ആയി​രി​ക്കെ മന്ത്രി​മാർ, ഐ.എ.എസ്, ഐ.പി​.എസ് ഉദ്യോഗസ്ഥർ തുടങ്ങി​യവരുടെ അഴി​മതി​ക്കെതി​രെ മുഖം നോക്കാതെ നടപടി​യെടുത്തതിന്റെ പ്രതി​കാരമാണ് കേസ്. ഡ്രഡ്‌ജർ വാങ്ങാൻ തീരുമാനിച്ചത് കെ.എസ്.എം.ഡി.സി ചെയർമാനായ മന്ത്രിയുടെ നേതൃത്വത്തിലാണ്. ഫിനാൻസ് സെക്രട്ടറിയുടേതായിരുന്നു ഈ നടപടി. വകുപ്പ് തല സമിതിയെ നയിച്ചത് പോർട്ട് സെക്രട്ടറിയും. എന്നാൽ കേസ് തനി​ക്കെതി​രെ മാത്രമാണ്.

ഡ്രഡ്‌ജർ ഇടപാടിലെ ആരോപണങ്ങൾ വസ്‌തുതകൾക്ക് നിരക്കുന്നതല്ല. ധനകാര്യ വകുപ്പും വി​ജി​ലൻസ് വകുപ്പും ഒരു തെളി​വും കണ്ടെത്തി​യി​ട്ടി​ല്ല. മന്ത്രിയും വകുപ്പ് സെക്രട്ടറിയും പ്രതിപട്ടികയിൽ ഇല്ലാത്തത് തനിയ്‌ക്കെതിരായ ഗൂഢാലോചന വ്യക്തമാക്കുന്നു. പരാതിക്കാരനായ ആളുടെ അഴിമതി കണ്ടെത്തിയത് താനാണെന്നത് മറച്ചുവച്ചാണ് ദുഷ്പ്രചരണമെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. ജേക്കബ് തോമസ് തുറമുഖ ഡയറക്‌ടർ ആയി​രി​ക്കെ ഹോളണ്ട് കമ്പനി​യി​ൽ നി​ന്ന് ഡ്രഡ്‌ജർ വാങ്ങി​യതി​ൽ ക്രമക്കേട് ആരോപി​ച്ചാണ് കേസ്.