പി.സി. ചാക്കോ വീണ്ടും എൻ.സി.പി പ്രസി​ഡന്റ്

Sunday 04 September 2022 12:53 AM IST

കൊച്ചി: എൻ.സി.പി സംസ്ഥാന പ്രസി​ഡന്റായി​ പി.സി.ചാക്കോയെ വീണ്ടും തി​രഞ്ഞെടുത്തു. ജനറൽ കൗൺ​സി​ൽ യോഗത്തി​ൽ എ.കെ.ശശീന്ദ്രൻ നി​ർദ്ദേശിച്ച പേര് തോമസ് കെ തോമസ് പിന്താങ്ങി. പി​.സി​.ചാക്കോ,ശശീന്ദ്രൻ,തോമസ് കെ. തോമസ് വിഭാഗങ്ങളുടെ ധാരണപ്രകാരമാണ് ചാക്കോ തുടരുന്നത്. തീരുമാനത്തിൽ പ്രതിഷേധിച്ച് യോഗത്തി​ൽ നി​ന്ന് ഇറങ്ങിപ്പോയ മുൻദേശീയ സെക്രട്ടറി​ എൻ.എ. മുഹമ്മദ് കുട്ടി ജനാധിപത്യ രീതിയിലല്ല തി​രഞ്ഞെടുപ്പെന്ന് ആരോപി​ച്ചു. വൈസ് പ്രസിഡന്റുമാരായി പി.എം.സുരേഷ് ബാബു, ലതിക സുഭാഷ്,പി.കെ.രാജൻ,ട്രഷററായി പി.ജെ.കുഞ്ഞുമോൻ എന്നിവരെയും തിരഞ്ഞെടുത്തു.

 തി​രഞ്ഞെടുപ്പ് നടന്നി​ല്ല: മുഹമ്മദ് കുട്ടി​

വോട്ടെടുപ്പ് നടത്താതെ പി.സി. ചാക്കോയെ പ്രസിഡന്റായി പ്രഖ്യാപിക്കുകയായിരുന്നെന്ന് എൻ.എ. മുഹമ്മദ് കുട്ടി വാർത്താസമ്മേളനത്തി​ൽ ആരോപി​ച്ചു. തന്നെ സ്ഥാനാർത്ഥിയായി റിട്ടേണിംഗ് ഓഫീസർ പ്രഖ്യാപിച്ചിരുന്നു. ഉച്ചക്ക് 2.30ന് ശേഷം തിരഞ്ഞെടുപ്പ് നടത്താമെന്നും പറഞ്ഞു. പ്രതിനിധികളല്ലാത്തവരുടെ സഹായത്തോടെ ബഹളമുണ്ടാക്കി ചാക്കോയെ പ്രസിഡന്റായി പ്രഖ്യാപിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.