മോദി ദളിതരെ ചേർത്തു പിടിച്ചു : അമിത് ഷാ, ബി. ജെ. പിയുടെ പട്ടികജാതി സംഗമം കേന്ദ്ര ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: രാജ്യത്തെ ദളിത്, പിന്നാക്ക, ദരിദ്ര ജനവിഭാഗങ്ങളെ ചേർത്തു നിറുത്തിയത് നരേന്ദ്ര മോദി സർക്കാരാണെന്നും അധഃസ്ഥിത ജനങ്ങളുടെ വികാസത്തിലൂടെയല്ലാതെ രാജ്യം അഭിവൃദ്ധിപ്പെടില്ലെന്ന വിശ്വാസമാണ് മോദിയെ നയിക്കുന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
ബി.ജെ.പി പട്ടികജാതി മോർച്ച സംഘടിപ്പിച്ച പട്ടികജാതി സംഗമം അൽ സാജ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ അമിത്ഷാ പങ്കെടുത്ത ഏക പൊതുപരിപാടിയാണിത്.
മോദിസർക്കാരിന് കിട്ടിയ ആദ്യ അവസരത്തിൽ രാഷ്ട്രപതിയായി പട്ടികജാതിക്കാരനായ രാംനാഥ് കോവിന്ദിനെ തിരഞ്ഞെടുത്തു. രണ്ടാമത് പട്ടികവർഗക്കാരിയായ ദ്രൗപദി മുർമുവിനെ രാഷ്ട്രപതിയാക്കി. പട്ടികവിഭാഗക്കാരായ പന്ത്രണ്ട് പേരാണ് മോദിമന്ത്രിസഭയിലുള്ളത്. കോൺഗ്രസിന്റെ ഏതെങ്കിലും ഭരണകാലത്ത് ഇങ്ങനെ ഉണ്ടായിട്ടുണ്ടോയെന്ന് അമിത് ഷാ ചോദിച്ചു.
60 വർഷം കേന്ദ്രം ഭരിച്ച കോൺഗ്രസോ എട്ട് വർഷത്തോളം അവരെ പിന്തുണച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയോ ദളിത്, ആദിവാസി വിഭാഗങ്ങൾക്കായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
13 പട്ടികജാതി സംഘടനകളുടെ നേതാക്കൾ വേദിയിൽ സന്നിഹിതരായി.ആദിവാസി നേതാവ് സി.കെ. ജാനുവിന്റെ സാന്നിദ്ധ്യവും ശ്രദ്ധേയമായി. ദളിതരുടെ ഭൂസമരങ്ങൾക്ക് നേതൃത്വം കൊടുക്കുകയും എൺപത്തി രണ്ടാം വയസിൽ പദ്മശ്രീ ലഭിക്കുകയും ചെയ്ത പെരുമ്പാവൂർ സ്വദേശി എം .കെ കുഞ്ഞോൾ മാസ്റ്ററെ അമിത് ഷാ പൊന്നാട അണിയിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അദ്ധ്യക്ഷനായി. വാളയാറിൽ പീഡനത്തിനിരയായ ദളിത് പെൺകുട്ടികളുടെ അമ്മയും അട്ടപ്പാടിയിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ അമ്മയും അമിത്ഷായ്ക്ക് നിവേദനം നൽകി.
അംബേദ്കറെ ആദരിച്ചു
കോൺഗ്രസ് ഭരിച്ച കാലത്തൊന്നും ഡോ. അംബേദ്കർക്ക് ഭാരതരത്ന നൽകിയില്ല. കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്തായപ്പോഴാണ് അത് നൽകിയത്. അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ 14ന് സമരസ ദിനമായി തീരുമാനിച്ചത് മോദി സർക്കാരാണ്. നവംബർ 26 ഭരണഘടനാദിനമായി പ്രഖ്യാപിച്ച് അംബേദ്കറെ ആദരിച്ചു. അംബേദ്കറുടെ ജീവിതവുമായി ബന്ധപ്പെട്ട അഞ്ച് കേന്ദ്രങ്ങളെ പഞ്ചതീർത്ഥമായി പ്രഖ്യാപിച്ചതും മോദിസർക്കാരാണെന്നും അമിത് ഷാ പറഞ്ഞു.