കേരളത്തിൽ താമര വിരിയുന്ന കാലം വിദൂരമല്ലെന്ന് കേന്ദ്രമന്ത്രി അമിത്ഷാ
തിരുവനന്തപുരം: കേരളത്തിലും താമര വിരിയുന്ന കാലം വിദൂരമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. ബി.ജെ.പി പട്ടികജാതി മോർച്ച സംഘടിപ്പിച്ച പട്ടികജാതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിനും കേരളം ഭരിക്കുന്ന ഇടതുപക്ഷത്തിനുമെതിരെ രൂക്ഷമായ കടന്നാക്രമണം നടത്തിയ അമിത്ഷാ പട്ടികജാതി-വർഗ, പിന്നാക്ക, ദരിദ്രവിഭാഗങ്ങളോടുള്ള ആഭിമുഖ്യം ബി.ജെ.പിക്ക് മാത്രമാണെന്ന് സ്ഥാപിക്കാനാണ് പ്രസംഗത്തിൽ ഏറിയ ഭാഗവും ശ്രമിച്ചത്. ഭാരതത്തിലാകെ ബി.ജെ.പി പ്രവർത്തകർക്ക് മുന്നോട്ടുനീങ്ങാൻ രാഷ്ട്രഭക്തി മാത്രം മതിയെങ്കിൽ കേരളത്തിൽ ബലിദാനിയാവാൻ കൂടി തയാറാകേണ്ടിവരുന്നെന്ന്, സി.പി.എം- ബി.ജെ.പി സംഘർഷങ്ങളെ സൂചിപ്പിച്ച് കേന്ദ്രമന്ത്രി പറഞ്ഞു.
ഭാരതത്തിൽ കോൺഗ്രസ് പതുക്കെപ്പതുക്കെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കമ്യൂണിസ്റ്റ് പാർട്ടിയാകട്ടെ ലോകത്ത് നിന്നുതന്നെ ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഭാരതത്തിലും കേരളത്തിലും ഏതെങ്കിലും പാർട്ടിക്ക് ഭാവിയുണ്ടെങ്കിൽ അത് ബി.ജെ.പിക്ക് മാത്രമാണ്. കാശ്‌മീരിനെ വിഘടനവാദികളിൽ നിന്ന് മോചിപ്പിച്ച് ഭാരതത്തോട് ചേർക്കാൻ നിർണായക ഇടപെടൽ നടത്തിയത് മോദി സർക്കാരാണ്. പുൽവാമയിൽ ഭീകരാക്രമണമുണ്ടായപ്പോൾ സർജിക്കൽ സ്ട്രൈക്കിലൂടെ പാക്കിസ്ഥാന് ഉടൻ തിരിച്ചടി നൽകി. കോൺഗ്രസായിരുന്നെങ്കിൽ ഒരിക്കലും ഇത് ചെയ്യില്ല. ആത്മനിർഭർ പരിപാടിയിലൂടെ ഭാരതം ഉല്പാദനരംഗത്ത് സ്വയംപര്യാപ്തത കൈവരിച്ചുകൊണ്ടിരിക്കുന്നു. ആഭ്യന്തര ഉല്പാദനത്തിൽ ലോകത്തെ ഒന്നാം ശക്തിയാക്കി രാജ്യത്തെ മാറ്റാനുള്ള പരിശ്രമമാണ് മോദിഭരണം നടത്തുന്നത്. കേരളവും മോദിയുടെ നേതൃത്വത്തിലുള്ള ഈ യാത്രയിൽ പങ്കാളികളാകണം. മഹത്തായ സാമ്പത്തിക ശക്തിയായി രാജ്യത്തെ വളർത്താനുള്ള നീക്കത്തിൽ കേരളം പങ്കുചേരണമെന്നും ആഹ്വാനം ചെയ്‌ത അമിത്ഷാ, കൈകളുയർത്തി സദസ്യരെക്കൊണ്ട് വന്ദേഭാരതം ചൊല്ലിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി മോർച്ച പ്രസിഡന്റ് ഷാജിമോൻ വട്ടേക്കാട് ആമുഖപ്രസംഗം നടത്തി. ബി.ജെ.പി കേരള പ്രഭാരി സി.പി. രാധാകൃഷ്‌ണൻ, എ.പി. അബ്ദുള്ളക്കുട്ടി, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്‌ണദാസ്, പത്മശ്രീ ജേതാവ് എം.കെ. കുഞ്ഞോൾ, ഡോ. പി.പി. വാവ, ആദിവാസി നേതാവ് സി.കെ. ജാനു, എ.എൻ. രാധാകൃഷ്ണൻ, ജോർജ് കുര്യൻ, സി. കൃഷ്‌ണകുമാർ, പി. സുധീർ, സി. ശിവൻകുട്ടി തുടങ്ങി നിരവധി നേതാക്കളും 13 പട്ടികജാതി സംഘടനകളെ പ്രതിനിധീകരിച്ചുള്ള നേതാക്കളും പങ്കെടുത്തു. അമിത്ഷായുടെ ഹിന്ദിയിലുള്ള പ്രസംഗം ജോർജ് കുര്യൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് സ്വാഗതവും ബി.എൻ. പ്രശാന്ത് നന്ദിയും പറഞ്ഞു. കെ. സുരേന്ദ്രൻ അമിത് ഷായ്‌ക്ക് ഓണക്കോടി സമ്മാനിച്ചു. ബി.ജെ.പി ജില്ലാ നേതൃത്വവും പട്ടികജാതി മോർച്ചയും ഉപഹാരങ്ങൾ നൽകി സ്വീകരിച്ചു.