കേന്ദ്രം നിയമങ്ങൾ പാസാക്കും മുൻപ് ചർച്ച നടത്തണം : മുഖ്യമന്ത്രി

Sunday 04 September 2022 1:16 AM IST

തിരുവനന്തപുരം: കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിയമനിർമ്മാണത്തിന് അധികാരമുള്ള കൺകറന്റ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങൾ പാർലമെന്റ് പാസാക്കുന്നതിനു മുൻപ് ചർച്ച നടത്തണമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. ഇതിൽ തർക്കങ്ങളുണ്ടാകാം. ചർച്ചയിലൂടെ സമവായമുണ്ടാക്കാം. ഇതാണ് ഫെഡറൽ ജനാധിപത്യത്തിന്റെ അന്തസത്ത. കേന്ദ്ര ആഭ്യന്തര മന്ത്റി അമിത് ഷാ യോഗത്തിൽ അദ്ധ്യക്ഷനായി.

കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടേയും നിയമ നിർമ്മാണതലങ്ങളെക്കുറിച്ചു ഭരണഘടനയിൽ പറഞ്ഞിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും സംസ്ഥാനങ്ങൾ തമ്മിലുമുള്ള തർക്കങ്ങൾ പരിഹരിക്കാനും ഭരണഘടനയിൽ വ്യവസ്ഥകളുമുണ്ട്. ഇതിന്റെ ഭാഗമായാണ് 1956ലെ സംസ്ഥാന പുനഃസംഘടനാ നിയമ പ്രകാരം മേഖലാ കൗൺസിലുകൾ രൂപീകരിച്ചത്. ഭരണഘടനയുടെ 263ാം വിജ്ഞാപന പ്രകാരം അന്തർ സംസ്ഥാന കൗൺസിലുകൾ രൂപീകരിക്കാൻ വ്യവസ്ഥ ചെയ്‌തെങ്കിലും വിജ്ഞാപനത്തിലൂടെ അതു യാഥാർഥ്യമാക്കാൻ 40 വർഷമെടുത്തു. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുക പ്രധാനമാണ്. ജനാധിപത്യത്തിന്റെ എല്ലാ തലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ജനങ്ങളാണ് നടത്തുന്നത്. സർക്കാരിന്റെ ഓരോ ഘടകത്തിനും അധികാരപരിധിയുണ്ട്. ഇവയ്ക്കിടയിലെ അഭിപ്രായ വൈരുദ്ധങ്ങൾ ഇല്ലാതാക്കാൻ പരസ്പര സഹകരണവും കൂടിയാലോചനയും സഹായിക്കും.

സാംസ്‌കാരിക, മത, ഭാഷാ വൈവിദ്ധ്യങ്ങൾക്കിടയിലും നമ്മുടെ ഏകത്വത്തിന്റെ ഫലമാണത്. ഓരോ സംസ്ഥാനത്തിന്റെയും വിജയഗാഥകളും വ്യത്യസ്ത അനുഭവങ്ങളും പങ്കുവയ്ക്കുകയും പഠിക്കുകയും മ​റ്റു സംസ്ഥാനങ്ങൾക്ക് അനുയോജ്യമാകും വിധം അവയെ രൂപപ്പെടുത്തുകയുമാണു വേണ്ടത്. കൊവിഡ് സമ്പദ് ഘടനയിൽ സൃഷ്ടിച്ച ആഘാതം മറികടക്കാൻ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടേയും സാമ്പത്തിക ശാക്തീകരണം പ്രധാനമാണ്. കേരളത്തിൽ ഉൾപ്പെടെ തീരശോഷണം, റെയിൽവേ, എയർപോർട്ട് നവീകരണം തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്രം പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.