ലോകരാജ്യങ്ങളുടെ മുൻനിരയിൽ

Sunday 04 September 2022 2:24 AM IST

ഇന്ത്യയുടെ സാമ്പത്തിക വളർച്ച ലോകമാകെ ഇപ്പോൾ ചർച്ച ചെയ്യപ്പെടുകയാണ്. ജൂൺ അവസാനിച്ച ത്രൈമാസ കാലയളവിൽ ഏകദേശം 14 ശതമാനത്തോളം സാമ്പത്തിക വളർച്ച കൈവരിച്ച ഇന്ത്യൻ സമ്പദ് ഘടന ലോകരാജ്യങ്ങളിലെ ഏറ്റവും വേഗമേറിയ വികസനം കൈവരിക്കുന്ന സ്ഥാനത്തെത്തി നിൽക്കുകയാണ്. പ്രതിസന്ധികളുടെ ഈ കാലഘട്ടത്തിലും ഗണ്യമായ ഈ വളർച്ച, നേരത്തെയുള്ള അനുമാനങ്ങളിൽ നിന്നും ലേശം കുറഞ്ഞതാണെങ്കിൽ കൂടി, അടിസ്ഥാനപരമായി ശരിയായ ദിശയിൽത്തന്നെ കാര്യങ്ങൾ നീങ്ങുന്നതിന്റെ സൂചനയായി നമുക്ക് കണക്കാക്കാം.

ചില മേഖലകളിലെ താരതമ്യേനയുള്ള ചോദന മാന്ദ്യം രാജ്യത്തിന്റെ മൊത്തം സാമ്പത്തിക വികസനത്തിന്റെ ആക്കം കുറച്ചെന്നും കാണാം. വാണിജ്യം, ഹോട്ടൽ ബിസിനസ്, ഗതാഗതം എന്നീ മേഖലകളിലെ കുറഞ്ഞ വളർച്ചാ നിരക്കും, കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ചെലവ് ചുരുക്കലും മൊത്തത്തിൽ വികസനത്തിന്റെ ഗതിവേഗത്തെ ബാധിച്ചെന്നാണ് കണക്കുകൾ പറയുന്നത്.

ഏറ്റവും ഗണ്യമായ നേട്ടം കാർഷിക മേഖലയിലാണ്. തുടർച്ചയായി രണ്ടു പാദങ്ങളിൽ നാല് ശതമാനത്തിലധികം വരുന്ന വളർച്ച ഈ വർഷത്തെ വിളവെടുപ്പ് നേരത്തെയുള്ള കണക്കുകൂട്ടലുകൾക്ക് അനുസൃതമായിരിക്കുമെന്ന സൂചന നൽകുന്നു. ഇന്നും തൊഴിൽ മേഖലയിലെ 50 ശതമാനത്തോളം ആൾക്കാർ ഉപജീവനത്തിന് ആശ്രയിക്കുന്ന കൃഷിയും അനുബന്ധ വ്യവസായങ്ങളും കൊവിഡിന്റെ പ്രത്യാഘാതം തെല്ലുമേൽക്കാതെ വേറിട്ട് നിൽക്കുന്നു. കൊവിഡ് ഗ്രാമീണ മേഖലയെ അത്രയ്ക്കങ്ങു പ്രതികൂലമായി ബാധിച്ചില്ലെന്നാണ് കാർഷിക വളർച്ചാ കണക്കുകൾ തെളിയിക്കുന്നത്. ഇത് കൂടാതെ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന (ഫ്രീ റേഷൻ പദ്ധതി) പോലത്തെ ചില നടപടികൾ ഗ്രാമീണ മേഖലയ്ക്ക് കൈത്താങ്ങായെന്ന് വ്യക്തം.

നടപ്പു സാമ്പത്തികവർഷം രാജ്യം ഏഴ് ശതമാനം വളർച്ച കൈവരിച്ച് ലോകത്തെ വലിയ രാജ്യങ്ങളിൽ വെച്ചേറ്റവും മുന്നിൽത്തന്നെ ഉണ്ടാവുമെന്നാണ് കേന്ദ്ര ധനകാര്യ സെക്രട്ടറി ടി.വി സോമനാഥൻ പറഞ്ഞത്. ലോകത്തെ വമ്പൻ രാജ്യങ്ങളുടെ ജൂൺ വരെയുള്ള വളർച്ച ഒന്ന് തുലനം ചെയ്താൽ സോമനാഥൻ പറഞ്ഞത് ശരിയാണെന്ന് മനസ്സിലാവും.

ഒരു തരത്തിൽ നോക്കിയാൽ ഇതോടൊപ്പം നല്കിയിരിക്കുന്ന ഗ്രാഫിൽ തന്നെയുണ്ട് നമ്മുടെ നേട്ടവും അതിനൊപ്പം നാം നേരിടേണ്ടുന്ന പ്രശ്‌നങ്ങളും. മറ്റെല്ലാ രാജ്യങ്ങളും വളർച്ചയിൽ മുരടിപ്പ് പ്രകടിപ്പിക്കുമ്പോൾ, നമ്മുടെ കയറ്റുമതി രംഗത്തെ അത് സാരമായി ഈ വർഷം ബാധിച്ചേക്കാം. ജൂൺ അവസാനിച്ച പാദത്തിൽ തന്നെ ഈ പ്രശ്‌നത്തിലേക്ക് വിരൽ ചൂണ്ടുന്ന കണക്കുകളുണ്ട്. ഇറക്കുമതി ഏകദേശം 37 ശതമാനം വർദ്ധിച്ചപ്പോൾ, കയറ്റുമതി കൈവരിച്ച വളർച്ച വെറും 14 ശതമാനം മാത്രം കയറ്റുമതിയുടെ ഇരട്ടിയിലധികം തോതിലായിരുന്നു നമ്മുടെ ഇറക്കുമതി. ഈ 'ട്രെൻഡ് ' തന്നെ ഇനിയുള്ള മാസങ്ങളിലും കണ്ടാൽ വിദേശവിനിമയ രംഗത്ത് ഇന്ത്യൻ രൂപയുടെ മൂല്യം ഇനിയും സമ്മർദ്ദത്തിൽ പെട്ടേക്കാം.

(പ്രമുഖ സാമ്പത്തിക വിദഗ്ധനാണ് ലേഖകൻ)

Advertisement
Advertisement