കൊലയാളി തേനീച്ചകൾ കുത്തിയത് 20,000 തവണ, യുവാവ് ഗുരുതരാവസ്ഥയിൽ

Sunday 04 September 2022 4:44 AM IST

ന്യൂയോർക്ക് : ശക്തിയേറിയ കുത്ത് കൊണ്ട് മനുഷ്യന്റെ ജീവനെടുക്കാൻ വരെ ശേഷിയുള്ളവയാണ് തേനീച്ചകൾ. വലിപ്പത്തിൽ ചെറുതാണെങ്കിലും തേനീച്ചയുടെ കുത്തേൽക്കുമ്പോഴുണ്ടാകുന്ന വേദനയും അസ്വസ്ഥതകളും വളരെ വലുതാണ്. ഒരേ സമയം 20,000ത്തിലേറെ തവണ തേനീച്ചയുടെ കുത്തേൽക്കേണ്ടി വന്നാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ. ഭയാനകമായ ആ അവസ്ഥയിലൂടെയാണ് യു.എസിലെ ഒഹായോ സ്വദേശിയായ ഓസ്റ്റിൻ ബെല്ലമി കടന്നുപോയത്.

കഴിഞ്ഞാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വീടിനോട് ചേർന്നുകിടന്ന നാരങ്ങാ മരച്ചില്ല മരത്തിന്റെ മുകളിൽ കയറിയിരുന്ന് മുറിച്ചു മാറ്റുകയായിരുന്നു 20 കാരനായ ഓസ്റ്റിൻ. ചില്ല മുറിയ്ക്കുന്നതിനിടെ അറിയാതെ അതിലുണ്ടായിരുന്ന ആഫ്രിക്കൻ കൊലയാളി തേനീച്ചകളുടെ ( ആഫ്രിക്കൻ കില്ലർ ബീസ് ) കൂടും മുറിഞ്ഞു. പിന്നെ സംഭവിച്ചതെന്താകുമെന്ന് ഊഹിക്കാമല്ലോ. ആയിരക്കണക്കിന് കൊലയാളി തേനീച്ചകൾ കൂട്ടമായെത്തി ഓസ്റ്റിനെ പൊതിഞ്ഞു. ഓസ്റ്റിന്റെ തലയും കഴുത്തും തോളും ഞൊടിയിടയിൽ തേനീച്ചകളാൽ മൂടി.

ശരീരത്തിൽ കറുത്ത പുതപ്പ് മൂടിയ മനുഷ്യനെ പോലെയായിരുന്നു ഓസ്റ്റിൻ അപ്പോഴെന്ന് ഓസ്റ്റിന്റെ അമ്മ ഷോണ കാർട്ടർ പറയുന്നു. ഓസ്റ്റിൻ മരംമുറിയ്ക്കുന്നതും നോക്കി താഴെ മുത്തശ്ശിയും അമ്മാവനുമുണ്ടായിരുന്നു. തേനീച്ച കൂട് തകർന്നപ്പോൾ ഇവർക്കും കുത്തേറ്റു. അതുകൊണ്ട് തന്നെ ഇരുവർക്കും ഓസ്റ്റിനെ രക്ഷിക്കാനായില്ല.

അഗ്നിശമന സേനാംഗങ്ങളെത്തി ഓസ്റ്റിനെ മരത്തിന് താഴെ എത്തിച്ച ശേഷം ഹെലികോപ്റ്റർ മാർഗം യൂണിവേഴ്സിറ്റി ഒഫ് സിൻസിനാറ്റി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. മുത്തശ്ശിയേയും അമ്മാവനേയും ആംബുലൻസ് മാർഗം മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തെങ്കിലും ഓസ്റ്റിന്റെ നില അതീവ ഗുരുതരമായിരുന്നു. വെന്റിലേറ്ററിൽ കോമ അവസ്ഥയിലായിരുന്നു ഓസ്റ്റിൻ. ദിവസങ്ങൾക്ക് ശേഷം ഇക്കഴിഞ്ഞ ബുധനാഴ്ച ഓസ്റ്റിൻ കണ്ണ് തുറന്നതായി അമ്മ ഷോണ കാർട്ടർ അറിയിച്ചു.

ഓസ്റ്റിന്റെ വായിലൂടെ ശരീരത്തിനുള്ളിൽ കടന്ന 30 ഓളം തേനീച്ചകളെ ഡോക്ടർമാർ പുറത്തെടുത്തെന്ന് ഷോണ പറഞ്ഞു. ഓസ്റ്റിൻ പൂർണ ആരോഗ്യവാനായി മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ. സാധാരണ തേനീച്ചകളെക്കാൾ അപകടകാരികളാണ് ആഫ്രിക്കൻ കൊലയാളി തേനീച്ചകൾ. ഇവയുടെ ഒരു ഡസനിലേറെ കുത്തേറ്റ് കഴിയുമ്പോഴാണ് മനുഷ്യരിൽ ശാരീരിക അസ്വസ്ഥതകൾ പ്രകടമായി തുടങ്ങുക.

Advertisement
Advertisement