വിമാനം തടഞ്ഞ് ചീങ്കണ്ണി

Sunday 04 September 2022 4:44 AM IST

വാഷിംഗ്ടൺ : വേണമെങ്കിൽ ഒരു വിമാനത്തെയും തടഞ്ഞുനിറുത്താൻ ചീങ്കണ്ണികൾക്ക് കഴിയും. ! അങ്ങനെയൊരു സംഭവമുണ്ടായിരിക്കുകയാണ് യു.എസിലെ സൗത്ത് കാരലീനയിലെ തിരക്കേറിയ ചാൾസ്റ്റൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ. കഴിഞ്ഞ ശനിയാഴ്ച രാത്രി 7 മണിയ്ക്കായിരുന്നു സംഭവം.

ഡെൽറ്റാ എയർലൈൻസിന്റെ ഒരു വിമാനം പറന്നുയരുന്നതിന് തൊട്ടുമുന്നേ റൺവേയിൽ അതിഥിയായിട്ടാണ് ചീങ്കണ്ണിയെത്തിയത്. വിമാനത്തിലെ ചില യാത്രക്കാരാണ് ആദ്യം ജനാലയിലൂടെ ചീങ്കണ്ണിയെ കണ്ടത്.

ചീങ്കണ്ണിയെ കണ്ടതോടെ അത് സുരക്ഷിതമായി കടന്നുപോയ ശേഷം യാത്ര ആരംഭിക്കാമെന്ന് പൈലറ്റ് യാത്രക്കാരെ അറിയിക്കുകയായിരുന്നു. ഇതേ സമയം യാത്ര ആരംഭിക്കേണ്ടിയിരുന്ന മറ്റ് വിമാനങ്ങളും ഇതോടെ വൈകി.

ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചീങ്കണ്ണിയെ ഓടിച്ചുവിടുന്നതിന് പകരം അതിനെ റൺവേയിലൂടെ സമാധാനപരമായി കടന്നുപോകാൻ ക്ഷമയോടെ അവസരമൊരുക്കിയ വിമാനത്താവള അധികൃതർക്കും വിവിധ എയർലൈനുകൾക്കും നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചത്. ചീങ്കണ്ണികളുടെ സാന്നിദ്ധ്യമുള്ള പ്രദേശമാണ് ചാൾസ്റ്റൺ. ഏകദേശം 100,000 ചീങ്കണ്ണികൾ സൗത്ത് കാരലീനയുണ്ടെന്നാണ് കണക്ക്.

ഇക്കഴിഞ്ഞ ഏപ്രിലിൽ ഫ്ലോറിഡയിലെ കീ‌വെസ്റ്റിലെ യു.എസ് നേവി എയർബേസിലെ റൺവേയിൽ ഒരു മുതല പ്രത്യക്ഷപ്പെട്ടിരുന്നു. മുതല റൺവെ വിട്ട് പോകാതെ വന്നതോടെ വനം വകുപ്പ് അധികൃതരുടെ സഹായത്തോടെയാണ് നീക്കിയത്.

Advertisement
Advertisement