മോഷ്ടിച്ച വിമാനവുമായി പറന്നു യു.എസിൽ ഭീതി പരത്തി പൈലറ്റ്

Sunday 04 September 2022 4:44 AM IST

ന്യൂയോർക്ക് : യു.എസിനെ നടുക്കിയ 9/11 ഭീകരാക്രമണത്തിന് സമാനമായ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൈലറ്റിന്റെ ഭീഷണി. മിസിസിപ്പിയിലെ ടുപെലോ നഗരത്തിലെ വെസ്​റ്റ് മെയിനിലുള്ള വാൾമാർട്ടിന്റെ സ്റ്റോറിലേക്ക് വിമാനം ഇടിച്ചിറക്കുമെന്നായിരുന്നു പൈലറ്റിന്റെ ഭീഷണി.

ഇന്നലെ പ്രാദേശിക സമയം രാവിലെ മുതൽ അഞ്ച് മണിക്കൂറിലേറെ നഗരത്തിന് ചുറ്റും വിമാനം വട്ടമിട്ടുപറത്തിയ ഇയാൾ ഒടുവിൽ ഇന്ധനം തീർന്നതോടെ വിമാനം ആളൊഴിഞ്ഞ കൃഷിയിടത്തേക്ക് ഇറക്കുകയായിരുന്നു. ആളപായമോ നാശനഷ്ടമോ ഇല്ല. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോർട്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

29കാരനായ പൈലറ്റ് ടുപെലോ എയർപോർട്ടിലെ ജീവനക്കാരനാണെന്നും എയർപോർട്ടിൽ നിന്ന് മോഷ്ടിച്ച ഇരട്ട എൻജിൻ ബീച്ച് കിംഗ് എയർ സി - 90 വിമാനമാണ് ഇയാൾ പറത്തിയിരുന്നതെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാൾ തന്നെയാണ് എമർജൻസി നമ്പറിലേക്ക് വിളിച്ച് താൻ ആക്രമണം നടത്താൻ പോവുകയാണെന്ന് ഭീഷണിപ്പെടുത്തിയത്.

ഭീഷണിയുടെ പശ്ചാത്തലത്തിൽ അപകട സാദ്ധ്യതയുള്ള പ്രദേശത്ത് നിന്നും കടകളിൽ നിന്നും പൊലീസ് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. പൊലീസ് നേരിട്ട് ബന്ധപ്പെട്ട് സ്ഥിഗതികൾ ശാന്തമാക്കാനുള്ള ശ്രമം നടത്തിയതോടെയാണ് ഇയാൾ വിമാനം താഴെയിറക്കിയത്.