അറിവും കഴിവും അനുസരിച്ച് ചെയ്യാനാകുന്നത് ചെയ്യും: ചീഫ് ജസ്റ്റിസ് യു.യു ലളിത്

Sunday 04 September 2022 9:39 PM IST

ന്യൂഡൽഹി: തന്റെ അറിവും കഴിവും അനുസരിച്ച് ചെയ്യാനാകുന്നതൊക്കെ ചെയ്യുമെന്നും ഈ ഒരു വാഗ്ദാനം മാത്രമാണ് തനിക്ക് നൽകാനുള്ളതെന്നും ചീഫ് ജസ്റ്റിസ് യു.യു. ലളിത് പറഞ്ഞു. ബോംബെ ഹൈക്കോടതി ബാർ അസോസിയേഷൻ നാഗ്പൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

നിയമവുമായി ബന്ധപ്പെട്ട തന്റെ യാത്ര ആരംഭിച്ച നാഗ്പൂരിൽ നിൽക്കുമ്പോൾ തനിക്ക് ഗൃഹാതുരത്വം തോന്നുന്നു. ജീവിതം ഒരു യാത്രയാണ്. അത് ഒരാളെ പലപ്പോഴും വികാരഭരിതനാക്കും. നാഗ്പൂരിനെക്കുറിച്ച് നല്ല ഓർമ്മകളാണുള്ളത്. അഭിഭാഷകരുടെ കുടുംബത്തിൽ പിറന്നത് ഭാഗ്യമാണ്. എല്ലാ കാലത്തും തനിക്കൊപ്പം നിന്ന ഭാര്യയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു.

നൂതനമായ ചിന്ത ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്റെ മുഖമുദ്ര‌യാണെന്ന് ലളിതിനൊപ്പം നാഗ്പൂരിൽ പ്രാക്ടീസ് ചെയ്ത സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഭൂഷൺ ഗവായി പറഞ്ഞു. എപ്പോഴും തന്റെ സഹപ്രവർത്തകരുമായി കൂടിയാലോചിക്കുന്ന അദ്ദേഹം തികഞ്ഞ ജനാധിപത്യവാദിയാണ്. ചുമതലയേറ്റ് മണിക്കൂറുകൾക്കകം സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാരുടെയും ഫുൾ കോർട്ട് യോഗം വിളിച്ച് കൂട്ടിയ അദ്ദേഹം കെട്ടിക്കിടക്കുന്ന കേസുകൾക്ക് പരിഹാരം കണ്ടെത്തി.

ജസ്റ്റിസ് യു.യു. ലളിത് ക്യാപ്റ്റനായതിൽ ജഡ്ജിമാർക്ക് അഭിമാനമുണ്ടെന്ന് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത പറഞ്ഞു. അദ്ദേഹത്തിന്റെ കാലാവധി കുറവാണെങ്കിലും സുപ്രീംകോടതിയിൽ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിൽ നിന്ന് അതൊന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കില്ലെന്നും ജസ്റ്റിസ് ദത്ത പറഞ്ഞു.

Advertisement
Advertisement