ഭവന നിർമ്മാണ ബോർഡിന്റെ നീലാംബരി ഫ്‌ളാറ്റ് ബുക്കിംഗ് ഉദ്‌ഘാടനം

Monday 05 September 2022 3:11 AM IST

തിരുവനന്തപുരം: കവടിയാറിന് സമീപം അമ്പല നഗറിൽ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് 11 നിലകളിലായി നടപ്പിലാക്കുന്ന 80 ഫ്ലാറ്റുകളുള്ള പാർപ്പിട സമുച്ചയമായ നീലാംബരി ഫ്ലാറ്റിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനം
ബോർഡ് ചെയർമാൻ പി.പി.സുനീർ നിർവഹിച്ചു. ബോർഡിലെയും വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ ജോലി ചെയ്തിരുന്നവരുമായ എൻജിനിയർമാർ ഉൾപ്പെടെ വലിയൊരു ടീമാണ് നീലാംബരിക്ക് വേണ്ടി വർക്ക് ചെയ്യുന്നതെന്ന് ചെയർമാൻ പറഞ്ഞു.
ഭവന നിർമ്മാണ ബോർഡിന്റെ അഭിമാനകരമായ പ്രോജക്ടുകളിലൊന്നാണ് നീലാംബരിയെന്നും വേഗം പണി പൂർത്തീകരിച്ചു ഗുണഭോക്താക്കൾക്ക് നൽകാനുള്ള നടപടിയുണ്ടാകുമെന്നും ബോർഡ് സെക്രട്ടറി വിനയ് ഗോയൽ പറഞ്ഞു.
അൻപത് 2ബി.എച്ച്.കെ ഫ്ലാറ്റുകളും മുപ്പത് 3ബി.എച്ച്.കെ ഫ്ലാറ്റുകളും ഉൾപ്പെട്ട സമുച്ചയത്തിൽ 51 ഫ്ലാറ്റുകൾ ഉദ്ഘാടന വേദിയിൽ ഉപഭോക്താക്കൾ ബുക്ക് ചെയ്തു. ആദ്യ ബുക്കിംഗ് ഓർഡർ തിരുവനന്തപുരം ഉഷ ഫയർ ടെക് മാനേജിംഗ് ഡറക്ടർ ബി.എസ്.അരുൺ കുമാറിൽ നിന്ന് അഡ്വാൻസ് തുക ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പി.സുനീർ സ്വീകരിച്ചു.ലിഫ്റ്റുകൾ, ഫയർ ഫയറ്റിംഗ് സംവിധാനം,എസ്.ടി.പി,ബയോ - ഗ്യാസ് പ്ലാന്റ്, ഇൻസിനറേറ്റർ, ഹെൽത്ത് ക്ലബ്, ടെറസ് റിക്രിയേഷൻ, കളിസ്ഥലം, ഇൻഡോർ ഗെയിംസ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതാണ് നീലാംബരി ഫ്ലാറ്റ്. 2024 ജൂലായിൽ ഫ്ലാറ്റുകൾ ഉപഭോക്താക്കൾക്ക് കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്ന് ചീഫ് എൻജിനിയർ അറിയിച്ചു. എൽ.ഐ.സി ഹൗസിംഗ് ഫിനാൻസ് അംഗീകരിച്ച നീലാംബരി പ്രോജക്ടിനു 7.9ശതമാനം നിരക്കിൽ ലോൺസൗകര്യം ലഭിക്കുമെന്ന് എൽ.ഐ.സി ഹൗസിംഗ് ഫിനാൻസ് പ്രതിനിധികൾ അറിയിച്ചു. ഫ്ലാറ്റുകൾ ബുക്ക് ചെയ്യാൻ ഭവന നിർമ്മാണ ബോർഡ് തിരുവനന്തപുരം ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയറുമായി ബന്ധപ്പെടണം.

Advertisement
Advertisement