വൃദ്ധയെ ആക്രമിച്ച് സ്വർണം കവർന്ന രണ്ടുപേരെ അറസ്റ്റുചെയ്തു

Monday 05 September 2022 12:45 AM IST

വിഴിഞ്ഞം: വൃദ്ധയെ ആക്രമിച്ചു സ്വർണം കവർന്ന രണ്ട് പേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ്ചെയ്തു. മുല്ലൂർ പനവിള സ്വദേശി കിച്ചു എന്നു വിളിക്കുന്ന അനിൽകുമാർ (26), വിഴിഞ്ഞം ആമ്പക്കുളം സ്വദേശി സൈഫുദീൻ (35) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം സ്വദേശിയായ 63 കാരി, വിഴിഞ്ഞം പുളിങ്കുടിയിലെ ബന്ധുവീട്ടിൽ താമസിക്കവെ കഴിഞ്ഞ ദിവസമാണ് സംഭവം. മാനസിക അസ്വാസ്ഥ്യമുള്ള വൃദ്ധയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന്, ആളൊഴിഞ്ഞ പറമ്പിൽ അവശനിലയിൽ വൃദ്ധയെ കണ്ടതായി നാട്ടുകാർ പൊലീസിന് വിവരം നൽകിയിരുന്നു. പൊലീസ് ഇവരെ ആശുപത്രിയിലാക്കി. തുടർന്ന് വിശദമായി അന്വേഷിച്ചപ്പോഴാണ് പ്രതികൾ കൂട്ടിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം ആഭരണങ്ങൾ കവർന്ന വിവരമറിയുന്നത്. പൊലീസ് പ്രദേശത്ത് കൂടുതൽ അന്വേഷണം നടത്തവെ കുറേരൂപയുമായി ഒന്നാം പ്രതി അനിൽകുമാർ നടക്കുന്നതായി വിവരം ലഭിച്ചു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടു പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. ഒന്നാം പ്രതിയുടെ വീട്ടിൽ നിന്ന് ഒരു ജോഡി കമ്മൽ, ഒരു മോതിരം, മാല എന്നിവ കണ്ടെടുത്തു. ഒരു വള വിറ്റ് കിട്ടിയ രൂപയാണ് കൈയിലുണ്ടായിരുന്നതെന്നും ലഹരി വാങ്ങാനായി ചെലവഴിച്ചുവെന്നും പ്രതി പറഞ്ഞതായി പൊലീസ് പറഞ്ഞു. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്ത അനിൽകുമാർ, സെയ്ഫുദ്ദീൻ

Advertisement
Advertisement