അദ്ധ്യാപകർ മാറ്റത്തിന്റെ ചാലക ശക്തിയാകണം

Monday 05 September 2022 12:00 AM IST

വിദ്യാഭ്യാസ മേഖലയിൽ ആധുനികകാലത്തിന് അനുസൃതമായി പഠനവും അദ്ധ്യയനവും മാറേണ്ടതുണ്ട്. ആ മാറ്റത്തിന്റെ ചാലകശക്തിയാകണം അദ്ധ്യാപകർ. അതിനായുള്ള പ്രവർത്തനങ്ങൾക്ക് ഒറ്റക്കെട്ടായി മുന്നേറാം എന്ന പ്രതിജ്ഞയോടെയാവണം ഇത്തവണത്തെ അദ്ധ്യാപകദിനം. ഇന്ത്യ കണ്ട പ്രതിഭാധനനായ അദ്ധ്യാപക ശ്രേഷ്ഠനാണ് മുൻ രാഷ്ട്രപതി കൂടിയായ ഡോ. എസ് രാധാകൃഷ്‌ണൻ. അദ്ദേഹത്തിന്റെ ജന്മദിനമാണ് അദ്ധ്യാപകദിനമായി ആചരിക്കുന്നത്.

സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായിട്ടും സ്‌കൂൾ പ്രായത്തിലുള്ള 3.22 കോടി കുട്ടികൾ സ്‌കൂളിന് വെളിയിലാണെന്ന് 2020ലെ ദേശീയ വിദ്യാഭ്യാസനയം തന്നെ സമ്മതിക്കുന്നു. എന്നാൽ, കേരളത്തിൽ സ്‌കൂൾ പ്രായത്തിലെത്തിയ ഭൂരിഭാഗം കുട്ടികളും പഠനം നടത്തുന്നു. രാജ്യത്ത് കൊഴിഞ്ഞുപോക്ക് നിരക്ക് ഏറ്റവും കുറവ് കേരളത്തിലാണ്. സ്‌കൂൾ എന്നത് വിദ്യാർത്ഥികളും അദ്ധ്യാപകരും പൊതുസമൂഹവും ചേർന്ന ഒരു ആവാസവ്യവസ്ഥ കണക്കെ ഇവിടെ പ്രവർത്തിക്കുന്നു. കേന്ദ്രസർക്കാരിന്റെ വിവിധ സർവേകളിൽ പ്രഥമശ്രേണിയിൽ തന്നെയാണ് കേരളം. സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലായി ഹയർ സെക്കൻഡറി ഘട്ടംവരെ 1.80 ലക്ഷത്തിലധികം അദ്ധ്യാപകരുണ്ട്. അതിൽ 70 ശതമാനത്തിലേറെയും അദ്ധ്യാപികമാരാണ്. ദേശീയ തലത്തിൽ ഇത് 50 ശതമാനത്തിനടുത്താണ്. സാമ്പത്തികപ്രയാസമുണ്ടെങ്കിൽപ്പോലും കൊവിഡ് പശ്ചാത്തലത്തിലും ഒഴിവുള്ള തസ്തികകളിൽ അദ്ധ്യാപകനിയമനം നടത്തി.

ഇന്നത്തെപ്പോലെ ശമ്പളമോ തൊഴിൽ സുരക്ഷയോ ഇല്ലാതിരുന്ന കാലത്തും നവോത്ഥാന മുന്നേറ്റങ്ങൾക്കൊപ്പം അദ്ധ്യാപകർ ഉണ്ടായിരുന്നു. സംസ്ഥാനത്തെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായ ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ചു നിയമമാക്കിയ വിദ്യാഭ്യാസ ബില്ലാണ് അദ്ധ്യാപകരുടെ അന്തസ് ഉയർത്തിയത്. അവിടെ നിന്ന് ഇങ്ങോട്ടുള്ള എല്ലാ ഇടതുപക്ഷ സർക്കാരുകളും അദ്ധ്യാപകരുടെ അഭിമാനം സംരക്ഷിക്കുന്നതിന് പ്രാഥമിക പരിഗണന നൽകി.

പൊതുവിദ്യാഭ്യാസ ധാരയെ ഇല്ലാതാക്കാനുള്ള പല നീക്കങ്ങളും പൊതുസമൂഹത്തിന്റെ പിന്തുണയോടെ ചെറുത്ത് തോൽപ്പിക്കാൻ അദ്ധ്യാപകർക്കായി. 2011- 2016 കാലയളവിൽ പൊതുവിദ്യാലയങ്ങൾ പലതും അടച്ചുപൂട്ടുന്ന നില വന്നു. ഈ അന്തരീക്ഷത്തിലാണ് 2016 ൽ ഒന്നാം പിണറായി സർക്കാർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൊണ്ടുവന്നത്. കിഫ്ബി, പ്ലാൻ ഫണ്ട്, മറ്റ് ഫണ്ടുകൾ എന്നിവ ഉപയോഗിച്ച് സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളുടെയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചതോടെ പൊതുവിദ്യാലയങ്ങളിൽ ഹൈടെക് ക്ലാസ് മുറികളും ലാബും ലൈബ്രറിയും ഉണ്ടായി. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആയതോടെ പൊതുവിദ്യാഭ്യാസ ധാരയിലേക്ക് ഒഴുകിയെത്തിയത് പത്തര ലക്ഷം പുതിയ കുട്ടികളാണ്. കൊവിഡ് കാലത്ത് ഡിജിറ്റൽ ഓൺലൈൻ പഠന സാദ്ധ്യതകൾ കേരളം ഉപയോഗിച്ചത് രാജ്യത്തിന് തന്നെ മാതൃകയായി. കൊവിഡ് കാലത്ത് ഏതെങ്കിലും തരത്തിലുള്ള പഠന വിടവുണ്ടായിട്ടുണ്ടെങ്കിൽ അത് കൂടി പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ്.

Advertisement
Advertisement