ആർട്ടെമിസ് : വിക്ഷേപണശ്രമം ഈ ആഴ്ച ഇല്ല

Monday 05 September 2022 6:13 AM IST

ന്യൂയോർക്ക്: നാസയുടെ ചരിത്ര ചാന്ദ്ര പര്യവേഷണ പദ്ധതിയായ ആർട്ടെമിസിലെ ആദ്യ ദൗത്യമായ ആർട്ടെമിസ് -1 ന്റെ വിക്ഷേപണശ്രമം ഈ ആഴ്ച ഉണ്ടാകില്ല. ഇനി സെപ്റ്റംബർ 19നും ഒക്ടോബർ 4നും ഇടയ്ക്കോ അല്ലെങ്കിൽ ഒക്ടോബർ 17നും 31നും ഇടയ്ക്കോ നടന്നേക്കാമെങ്കിലും അന്തിമ തീരുമാനം നാസ അറിയിച്ചിട്ടില്ല.

ചന്ദ്രന്റെയും ഭൂമിയുടെയും സ്ഥാനം കണക്കാക്കി നാളെയും വിക്ഷേപണത്തിന് അവസരമുണ്ടെങ്കിലും അത് പരിഗണിക്കുന്നില്ലെന്ന് നാസ വ്യക്തമാക്കി. അനുകൂല സാഹചര്യത്തിൽ വിക്ഷേപണശ്രമം നടത്തുമെന്ന് വ്യക്തമാക്കിയ നാസ പുതിയ വിക്ഷേപണ തീയതി സ്ഥിരീകരിച്ചിട്ടില്ല. ശനിയാഴ്ച നടക്കാനിരുന്ന വിക്ഷേപണം റോക്കറ്റിൽ ഇന്ധനം നിറയ്‌ക്കുന്നതിനിടെ നാല് തവണ ചോർച്ച കണ്ടെത്തിയതോടെ നാസ മാറ്റിവയ്ക്കുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച നടന്ന ആദ്യ ശ്രമം എൻജിൻ തകരാർ കണ്ടെത്തിയതോടെ മാ​റ്റി. ഭാവിയിൽ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യത്തിന്റെ റിഹേഴ്സൽ ആയതിനാൽ എല്ലാ സുരക്ഷാ പിഴവുകളും കണ്ടെത്തി പരിഹരിച്ച ശേഷമാകും വിക്ഷേപണം. ആർട്ടെമിസ് -1ൽ ആളില്ലാ പേടകമായ ഒറിയോണിനെ വഹിക്കുന്നത് ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റായ എസ്.എൽ.എസ് (സ്പേസ് ലോഞ്ച് സിസ്റ്റം)​ ആണ്.

പുതിയ റോക്കറ്റായത് കൊണ്ട് തന്നെ ആദ്യ ശ്രമത്തിൽ തന്നെ വിക്ഷേപണം നടത്താനാകില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. രണ്ടാം ശ്രമത്തിൽ, 30 നില കെട്ടിടത്തിന്റെ ഉയരമുള്ള എസ്.എൽ.എസിന്റെ അടിഭാഗത്തെ കോർ സ്റ്റേജ് ടാങ്കിലാണ് അൾട്രാ - കോൾഡ് ലിക്വിഡ് ഹൈഡ്രജൻ ഇന്ധനചോർച്ച കണ്ടെത്തിയത്.

ആർട്ടെമിസ് 1ൽ എസ്.എൽ.എസ് റോക്കറ്റിൽ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്ന ഒറിയോൺ പേടകം ചന്ദ്രനെ വലംവച്ച് 42 ദിവസത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തും. ആർട്ടെമിസ് - 1 വിജയിച്ചാൽ പിന്നാലെ ആർട്ടെമിസ് - 2ലൂടെ മനുഷ്യനെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കും. ശേഷം 2025ലോ അതിന് ശേഷമോ ആർട്ടെമിസ് - 3 യിലൂടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഒരു വനിത ഉൾപ്പെടെയുള്ള സഞ്ചാരികളെ ഇറക്കാനാണ് നാസയുടെ പദ്ധതി.

Advertisement
Advertisement