ടൈറ്റാനികിന്റെ ഇതുവരെ കാണാത്ത മുഖം പുറംലോകത്തേക്ക്

Monday 05 September 2022 6:14 AM IST

ന്യൂയോർക്ക് : 1912 ഏപ്രിൽ 15നാണ് വിശ്വപ്രസിദ്ധമായ ആർ.എം.എസ് ടൈറ്റാനിക് കപ്പൽ ആദ്യയാത്രയിൽ തന്നെ മഞ്ഞുമലയിലിടിച്ച് അറ്റ്‌ലാൻഡിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിയത്. ബ്രിട്ടീഷ് ഷിപ്പിംഗ് കമ്പനിയായ വൈറ്റ് സ്റ്റാർ ലൈനിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ടൈറ്റാനിക്.

ഏപ്രിൽ 10ന് ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നിന്ന് അമേരിക്കയിലെ ന്യൂയോർക്കിലേക്ക് 2,224 യാത്രക്കാരുമായാണ് ടൈറ്റാനിക് കന്നിയാത്ര പുറപ്പെട്ടത്. അന്ന് നിർമ്മിക്കപ്പെട്ടവയിൽ വച്ച് ഏറ്റവും വലിയ ആഡംബര കപ്പലായിരുന്ന ടൈറ്റാനികിനെ ' ഒരിക്കലും മുങ്ങാത്ത കപ്പൽ " എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാൽ വിധി മറ്റൊന്നായിരുന്നു.

അപകടത്തിൽ 1,500 ലേറെ പേർക്ക് ജീവൻ നഷ്ടമായി. സമുദ്രഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറി ടൈറ്റാനികിന്റെ തകർച്ച. 1997ൽ ജെയിംസ് കാമറണിന്റെ ' ടൈറ്റാനിക് " എന്ന സിനിമ കൂടി വന്നതോടെ ടൈറ്റാനിക് വീണ്ടും ലോകപ്രശസ്തമായി. ഇപ്പോഴും അറ്റ്‌ലാൻഡിക് സമുദ്രത്തിന്റെ അടിത്തട്ടിൽ ഒരു പ്രേതക്കപ്പൽ പോലെ ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾ കാണാം. ദ്രവിച്ച് തുടങ്ങിയ ഈ അവശിഷ്ടങ്ങൾക്കരികിലേക്ക് എത്തുക അത്ര എളുപ്പമല്ല.

എന്നാലിപ്പോൾ ആദ്യമായി ടൈറ്റാനിക് അവശിഷ്ടങ്ങളുടെ 8K റെസലൂഷനിലെ വീഡിയോ ദൃശ്യങ്ങൾ പുറത്തെത്തിയിരിക്കുകയാണ്. മുമ്പ് കണ്ടിട്ടില്ലാത്ത ടൈറ്റാനികിന്റെ ഭാഗങ്ങളും ഈ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീഡിയോ പുറത്തുവിട്ടത്. 200 പൗണ്ട് ഭാരമുള്ള ടൈറ്റാനികിന്റെ കൂറ്റൻ നങ്കൂര ചങ്ങല, കപ്പലിന്റെ പോർട്ട്‌സൈഡിലെ നങ്കൂരം, കപ്പൽ രണ്ടായി പിളർന്നപ്പോൾ കലിനടിയിലേക്ക് വീണ ബോയ്‌ലറുകളിലൊന്ന് എന്നിവയൊക്കെ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ കാണാം.

ഓഷൻഗേറ്റ് എക്സ്‌പെഡിഷൻസ് എന്ന കമ്പനിയാണ് വീഡിയോ ദൃശ്യങ്ങൾ പകർത്തി യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. വീഡിയോ ഉയർന്ന റെസലൂഷനിലായതിനാൽ കപ്പലിന്റെ നിറങ്ങൾ സംബന്ധിച്ചും മനസിലാക്കാം.

ടൈറ്റാനികിന്റെ നങ്കൂരത്തിൽ അതിന്റെ നിർമ്മാതാക്കളായ നോഅ ഹിംഗ്‌ലി ആൻഡ് സൺസ് ലിമിറ്റഡിന്റെ പേര് എഴുതിയിരിക്കുന്നതും വീഡിയോയിൽ കാണാമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വടക്കൻ അറ്റ്‌ലാൻഡികിൽ ഈ വർഷം മേയിൽ നടത്തിയ എട്ട് ദിന പര്യവേഷണത്തിലൂടെയാണ് വീഡിയോ പകർത്തിയത്. പ്രതിവർഷം ഇവിടം സന്ദർശിച്ച് കപ്പലിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കാനാണ് ഓഷൻഗേറ്റ് ആലോചിക്കുന്നത്.

Advertisement
Advertisement