ഇരട്ടത്തലയുള്ള ജെയ്‌നസിന് പിറന്നാൾ മധുരം

Monday 05 September 2022 6:14 AM IST

ജനീവ : രണ്ട് തലയും ഒറ്റ ഉടലുമായി ജനിച്ച ജെയ്‌നസിന്റെ 25ാം പിറന്നാൾ ആഘോഷങ്ങളുടെ തിരക്കിലാണ് സ്വിറ്റ്‌സർലൻഡിലെ ജനീവ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം. ജെയ്നസ് ആരാണെന്നല്ലേ...ഒരു ആമയാണ്. ഗ്രീൻ ആമയായ ജെയ്നസ് 1997ലാണ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ജനിച്ചത്. അന്ന് മുതൽ മ്യൂസിയം അധികൃതരുടെ ഓമനയായി ഇവിടെ വളരുന്നു.

രണ്ട് തലയുള്ള റോമൻ ദേവനായ ജെയ്‌നസിന്റെ പേരാണ് ആമയ്ക്കും അധികൃതർ നൽകിയത്. ശനിയാഴ്ചയായിരുന്നു ജെയ്‌നസിന്റെ പിറന്നാൾ. ജെയ്‌നസിന്റെ പിറന്നാളിനോടനുബന്ധിച്ച് പ്രത്യേക പരിപാടികൾ ഒരുക്കിയിരുന്നു. സന്ദർശകർക്ക് ജെയ്നസിനൊപ്പം സെൽഫിയെടുക്കാനും അതിനെ പറ്റി കൂടുതൽ പഠിക്കാനും അവസരം നൽകി.

പുറംതോട് ഒന്നാണെങ്കിലും ജെയ്‌നസിന് രണ്ട് തലകൾക്ക് പുറമേ, ഹൃദയം, ശ്വാസകോശം എന്നിവയും രണ്ടെണ്ണം വീതമുണ്ട്. സ്വഭാവവും വെവ്വേറെയാണെന്ന് അധികൃതർ പറയുന്നു. കാട്ടിലായിരുന്നെങ്കിൽ ഒരു പക്ഷേ, ജെയ്‌നസ് ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. കാരണം, ആമകളുടെ ഏറ്റവും വലിയ പ്രത്യേകത ശത്രുവിൽ നിന്ന് രക്ഷനേടാൻ സ്വന്തം തല തോടിനുള്ളിലേക്ക് ഒളിപ്പിക്കുന്ന രീതിയാണല്ലോ. എന്നാൽ, ജെയ്നസിന്റെ രണ്ട് തലകൾക്കും ഇതിന് കഴിയില്ല.

ആൻജെലിക ബൊർഗയിൻ എന്ന ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘമാണ് മ്യൂസിയത്തിൽ ജെയ്‌നസിനെ പരിചരിക്കുന്നത്. ഓർഗാനിക് സാലഡുകളാണ് ജെയ്നസിന് കഴിക്കാൻ കൊടുക്കുന്നത്. ദിവസവും പ്രത്യേക മസാജും ജെയ്‌നസിന് നൽകുന്നുണ്ട്. അധികൃതരുടെ നിരീക്ഷണത്തിൽ പുറത്ത് നടക്കാനും കൊണ്ടുപോകും. ജെയ്‌നസിന്റെ ഹൃദയമിടിപ്പ്, കണ്ണ്, കഴുത്ത്, ആരോഗ്യസ്ഥിതി തുടങ്ങിയവയെല്ലാം സ്പെഷ്യൽ ടീം സ്ഥിരമായി നിരീക്ഷിച്ചു വരുന്നു.

ജെയ്‌‌നസിന് കൂട്ടായി ഒരു കസ്റ്റംമെയ്ഡ് സ്കേറ്റ് ബോർഡും മ്യൂസിയത്തിലുണ്ട്. ജെയ്നസിന്റെ രണ്ട് തലകൾക്കും രണ്ട് സ്വഭാവമാണെന്ന് പറഞ്ഞല്ലോ. ചിലപ്പോൾ ശാന്തമാണെങ്കിലും ചിലപ്പോൾ അല്പം പ്രശ്നമുണ്ടാക്കാറുണ്ട് ജെയ്നസ്. ജെയ്നസിന്റെ വലത് തലയാണ് കൂടുതൽ ശക്തമായ വ്യക്തിത്വമുള്ളതെന്നാണ് മ്യൂസിയം അധികൃതർ പറയുന്നത്. കാരണം ഇത് എപ്പോഴും ജിജ്ഞാസയുള്ളതും ഉണർന്നിരിക്കാൻ ഇഷ്ടപ്പെടുന്നതുമാണ്.

ഇടത് തലയാകട്ടെ മടിയുള്ള സ്വഭാവവും എപ്പോഴും ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതുമാണ്. ഇരട്ടത്തലയുള്ള ലോകത്തെ ഏറ്റവും പ്രായം കൂടിയ ആമയാകാം ജെയ്നസ് എന്ന് കരുതുന്നതായി മ്യൂസിയം അധികൃതർ പറയുന്നു.

Advertisement
Advertisement