മയക്കുമരുന്ന് ഉപയോഗം; നിലമ്പൂരിൽ ആറുപേർ പിടിയിൽ

Tuesday 06 September 2022 12:51 AM IST

നിലമ്പൂർ: മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും പതിവാക്കിയ ആറുപേരെ നിലമ്പൂർ പൊലീസ് പിടികൂടി. അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശികളായ കുറുപ്പത്ത് അജ്മൽ (21)​,​ മാരാപ്പാറ റജീഫ് (21)​,​ പരപ്പൻ സഫ്വാൻ (21)​,​ നടുവത്ത് സ്വദേശി ചേലക്കാട് നന്ദു കൃഷ്ണ (20)​,​ ചന്തക്കുന്ന് സ്വദേശി കോഴിപ്പിള്ളി അർജുനൻ (60)​,​ പുള്ളിപ്പാടം സ്വദേശി മോയിക്കൽ ബുനിയാസ് ബാബു (46)​ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് , എം.ഡി.എം.എ മുതലായ മയക്കുമരുന്നുകൾ എത്തിക്കുന്നവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ 20 കേസുകളാണ് നിലമ്പൂരിൽ രജിസ്റ്റർ ചെയ്തത്. പ്രദേശത്തെ പ്രധാന മയക്കുമരുന്ന് വിതരണക്കാരനായ മങ്ങാട്ട് വളപ്പിൽ സൈഫുദ്ദീനെ രണ്ട് കിലോഗ്രാം കഞ്ചാവുമായി നിലമ്പൂർ പൊലീസ് പിടികൂടിയിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. കാപ്പ ഉൾപ്പെടെയുള്ള നിയമനടപടികളുമായി മുന്നോട്ടുപോവാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്. നിലമ്പൂർ മാനവേദൻ സ്‌കൂളിൽ വിദ്യാർത്ഥികൾ ഓണാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്ക് ശേഷം സംഘം ചേർന്നുള്ള അടിപിടിയും അക്രമവും അരങ്ങേറിയതിന് പിന്നിലും ചിലരുടെ അമിത മദ്യ, മയക്കുമരുന്ന് ഉപയോഗമാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത്തരം സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ ജെ.വിഷ്ണു അറിയിച്ചു.

Advertisement
Advertisement