തീപിടിച്ച് പഴം,പച്ചക്കറി വില: 'തൊട്ടാൽ പൊള്ളും"

Monday 05 September 2022 10:44 PM IST

കണ്ണൂർ:ഇത്തവണത്തെ ഓണ സദ്യയൊരുക്കാൻ പോക്കറ്റിലെ കാശും കുറച്ചധികം പോകും.ഓണത്തോടനുബന്ധിച്ച് പഴങ്ങൾക്കും പച്ചക്കറികൾക്കമെല്ലാം തീ വിലയാണ്. വെണ്ട - 60, മുരിങ്ങ -85, പടവലം -50,കോവക്ക - 60,തക്കാളി -40,ഉരുള കിഴങ്ങ് -35 എന്നിങ്ങനെയാണ് വില.കഴിഞ്ഞ ഒരാഴ്ചക്കിടെ 50 രൂപയോളമാണ് പച്ചക്കറികളുടെ വില വർദ്ധിച്ചത്. ഇന്ധനവില വർദ്ധനയും തമിഴ്‌നാട്ടിൽ മഴയായതിനാൽ മ​റ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന പച്ചക്കറികൾക്ക് വില അധികമായതുമാണ് വിലവർദ്ധിക്കാൻ കാരണമെന്ന് കച്ചവടക്കാർ പറഞ്ഞു.

രണ്ടുദിവസം മുമ്പ് 40 രൂപയുണ്ടായിരുന്ന വെണ്ടയ്ക്ക് അറുപതോളം രൂപയോളം വർദ്ധിച്ചു. നാൽപതു രൂപയ്ക്ക് വിൽപന നടത്തിയിരുന്ന മുരിങ്ങയ്ക്ക് 85 രൂപയാണ് നിലവിലെ വില. വെണ്ടയും മുരിങ്ങയ്ക്കും കൂടാതെ പടവലത്തിനും കോവയ്ക്കയ്ക്കും വില വർദ്ധിച്ചിട്ടുണ്ട്. തക്കാളിക്കും ചെറിയതോതിൽ വില വർദ്ധിച്ചിട്ടുണ്ട്. കേരളത്തിലേക്ക് തക്കാളി എത്തികൊണ്ടിരുന്നത് കർണാടകയിലെ മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നായിരുന്നു. എന്നാൽ, ഇപ്പോൾ തക്കാളിയെത്തിക്കുന്നത് മഹാരാഷ്ട്രയിൽ നിന്നാണ്. ഇവിടെ മഴകാരണം തക്കാളിയുടെ വില കൂടിയും കുറഞ്ഞുമിരിക്കുകയാണെന്ന് കച്ചവടക്കാർ പറഞ്ഞു.

പൂനെയിൽ നിന്നുമാണ് കേരളത്തിലേക്ക് ഉള്ളി എത്തുന്നത്. കാലാവസ്ഥ മോശമായതുകൊണ്ട് തന്നെ പൂനൈയിലും ഉള്ളി ലഭ്യത കുറഞ്ഞിട്ടുണ്ടെന്ന് മൊത്തകച്ചവടക്കാർ പറഞ്ഞി. കൂടാതെ സമീപസംസ്ഥാനങ്ങളിലേക്ക് പച്ചക്കറി കയ​റ്റിവിടുന്നത് മൂലം കേരളത്തിലേക്കുള്ള പച്ചക്കറി ലഭ്യത കുറഞ്ഞുവരികയാണ്. ഇതും വില കൂടാൻ കാരണമായ്. ഉരുളക്കിഴങ്ങിനും ചെറിയതോതിൽ വില വർദ്ധിച്ചിട്ടുണ്ട്.പച്ചക്കറികൾക്ക് പുറമെ ചുവന്ന പരിപ്പ്, എന്നിവയുടെ വിലയും വർദ്ധിച്ചിട്ടുണ്ട്.

സാധനങ്ങളുടെ വില വർദ്ധനവിൽ കൂടുതൽ ദുരിതം ചെറുകിട കച്ചവടക്കാർക്കും ഉൾനാടൻ ഗ്രാമങ്ങളിൽ കച്ചവടം ചെയ്യുന്നവരുമാണ്. മൊത്തകച്ചവടക്കാരിൽ നിന്ന് ഹോൾസെയിൽ നിരക്കിൽ കച്ചവടം ചെയ്യേണ്ടി വരിക 15 രൂപയോളം വില കൂട്ടിയായിരിക്കും. മുരിങ്ങയ്ക്ക് 60 രൂപ ഹോൾസേൽ നിരക്കിൽ വാങ്ങിയാൽ 80, 85 രൂപ നിരക്കിൽ വിൽക്കേണ്ടിവരും. എന്നാൽ ഈ വിധത്തിലുള്ള വിലകയറ്റം കാരണം ആളുകൾ ആത്യാവശ്യത്തിനുള്ള പച്ചക്കറികൾ മാത്രമാണ് വാങ്ങിക്കുന്നത്.അതുകൊണ്ടുതന്നെ പല പച്ചക്കറികളും ചീത്തയായി പോകുന്ന സ്ഥിതിയാണെന്നും കച്ചവടക്കാർ പറഞ്ഞു.

പിടിച്ചുനിർത്താനാകാതെ പഴവില

പഴം വിപണി കഴിഞ്ഞ വർഷത്തെക്കാൾ വില കൂടുതലാണെങ്കിലും വാങ്ങിക്കാൻ ആളുകളെത്തുന്നുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു.ഓണത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ വരും ദിവസങ്ങളിൽ കച്ചവടം ഇനിയും വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണിവർ.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഴയൊഴിഞ്ഞ് ചൂട് വർദ്ധിച്ചതോടെ ആളുകൾ പഴവർഗ്ഗങ്ങൾ ധാരളമായി വാങ്ങുന്നുണ്ട്.ആപ്പിളിനും തണ്ണിമത്തനും ആവശ്യക്കാരേറെയാണ്.ആപ്പിൾ സീസൺ കൂടിയായതോടെ ഡൽഹിയിൽ നിന്നെത്തുന്ന നാടൻ ആപ്പിളുകൾക്ക് നല്ല കച്ചവടം ലഭിക്കുന്നുണ്ട്. ബാഗ്ലൂർ,മൈസൂർ എന്നിവിടങ്ങളിൽ നിന്നാണ് മ​റ്റ് പഴങ്ങൾ ജില്ലയിലേക്കെത്തുന്നത്.

പഴവിപണി

ആപ്പിൾ-140

ഓറഞ്ച്-100

നേന്ത്രപ്പഴം-75

ചെറിയ പഴം-75

കറുപ്പ് മുന്തിരി-120

പച്ച മുന്തിരി-140

തണ്ണിമത്തൻ-25

ഉറുമാമ്പഴം-160

പൈനാപ്പിൾ-90


Advertisement
Advertisement