കെ.എസ്.യു ഉണരുന്നു

Tuesday 06 September 2022 12:00 AM IST

കെ.എസ്.യു ജ്വലിക്കുന്ന ചരിത്രമുള്ള പ്രസ്ഥാനമാണ്. എ.കെ ആന്റണി, വയലാർ രവി തുടങ്ങിയ മഹാരഥൻമാർ നയിച്ച വിദ്യാർത്ഥി സംഘടന. കാമ്പസുകളിൽ സമാധാനപരമായി പ്രവർത്തിച്ചുകൊണ്ടിരുന്ന സുവർണകാലമാണ് കെ.എസ്.യുവിനുള്ളത്. പക്ഷേ, ഏതാണ്ട് രണ്ടു പതിറ്റാണ്ട് കാലത്തിനുള്ളിൽ വിദ്യാർത്ഥികളിൽ നിന്ന് ഏറെ അകന്ന് അപചയത്തിന്റെ ദുർദശ താണ്ടിക്കൊണ്ടിരിക്കുകയായിരുന്നു കെ.എസ്.യു. മാതൃസംഘടനയായ കോൺഗ്രസ് തളർന്നും വളർന്നും മുന്നോട്ടു പോയിക്കൊണ്ടിരുന്നപ്പോൾ കുട്ടിപ്രസ്ഥാനത്തിന് ശരിയായ വഴി കാണിച്ചുകൊടുക്കാൻ ആരുമുണ്ടായില്ല. അടുത്തകാലത്തായി ഏറെക്കുറെ അസ്തമന കാലഘട്ടത്തിലേക്ക് എത്തിയ കെ.എസ്.യു അപൂർവം കാമ്പസുകളിൽ മാത്രമായി പിടിച്ചുനിന്നു. എസ്.എഫ്.ഐയുടെ അപ്രമാദിത്വത്തിനു മുന്നിൽ കീഴടങ്ങി ഒഴിഞ്ഞു പോവുകയേ കെ.എസ്.യുവിന് മാർഗമുണ്ടായിരുന്നുള്ളൂ. കോൺഗ്രസിലെ ഗ്രൂപ്പ് നേതാക്കളെയും അനുയായികളെയും തൃപ്തിപ്പെടുത്താൻ ഭാരവാഹിത്വം വീതിച്ചു നൽകാൻ ഉപയോഗിച്ച പ്രസ്ഥാനമായി കെ.എസ്.യു മാറിയിരുന്നു. സംസ്ഥാന പ്രസിഡന്റ് കോൺഗ്രസിലെ ഒരു ഗ്രൂപ്പുകാരനെങ്കിൽ മറ്റു ഭാരവാഹികളിൽ ഭൂരിഭാഗവും പാർട്ടിയിലെ എതിർഗ്രൂപ്പുകാർ. വിദ്യാർത്ഥികളുടെ പൊതു പ്രശ്നങ്ങളിൽ ഇടപെടേണ്ട വിദ്യാർത്ഥി സംഘടനയ്ക്ക് പ്രതിബദ്ധത ഇല്ലാതായി. ഖദർ ഷർട്ടും മുണ്ടും ധരിച്ച നേതാക്കൾ മാത്രമായി കെ.എസ്.യു ചുരുങ്ങി. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാര സ്ഥാനങ്ങളിൽ നിന്നെല്ലാം തൂത്തെറിയപ്പെട്ടുകൊണ്ടിരുന്ന കോൺഗ്രസ് പല ഗ്രൂപ്പുകളായി ഛിന്നഭിന്നമായപ്പോൾ കെ.എസ്.യുവിനെ കൈപിടിച്ചുയർത്താൻ ആരുമില്ലാതായി. കലാലയങ്ങൾക്കു മുന്നൽ നീല പതാക ഉയർത്താൻ പോലും അനുവാദമില്ലാത പുറന്തള്ളപ്പെടുന്നു. സമരപോരാട്ടങ്ങൾക്കിടെ ക്രൂരമായി പൊലീസ് മർദ്ദനം ഏറ്റുവാങ്ങുകയും ജയിലിൽ കിടക്കുകയും ചെയ്ത ആദ്യകാല നേതാക്കൾ ജീവിച്ചിരിക്കുമ്പോൾ തന്നെയാണ് കെ.എസ്.യു ദുർഗതിയിലേക്ക് നീങ്ങിയത്.

ചിട്ടയോടെ സമ്മേളനം

കെ.എസ്.യുവിന്റെ വഴിത്താര ഇങ്ങനെയാണെങ്കിലും കെട്ടടങ്ങാൻ പോകുന്ന കനലിൽ നിന്ന് പുതിയ തീനാളം ഉണ്ടാകുന്നതുപോലെ ചില പ്രതീക്ഷകൾ ഉണരുന്നുണ്ട്. അതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസം സമാപിച്ച കെ.എസ്.യുവിന്റെ പത്തനംതിട്ട ജില്ലാ സമ്മേളനം നൽകുന്നത്. ഗ്രൂപ്പ് വടംവലികളോ ബഹളങ്ങളോ ഇല്ലാതെ അച്ചടക്കത്തിലും കൃത്യമായ സമയക്രമത്തിലുമാണ് മൂന്നു ദിവസം നീണ്ട ജില്ലാ സമ്മേളനം കോഴഞ്ചേരിയിൽ സമാപിച്ചത്. കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരൻ ചുമതലയേറ്റ ശേഷം കെ.എസ്.യുവിനെ പുനരുജ്ജീവിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുന്നുവെന്ന സൂചനയാണ് ജില്ലാ സമ്മേളനത്തിന്റെ പ്രത്യേകത. വിദ്യാഭ്യാസ, രാഷ്ട്രീയ പ്രമേയങ്ങളിൽ വിദ്യാർത്ഥികളും സംഘടനയും നേരിടുന്ന വെല്ലുവിളികളെ വിശദമായി വിലയിരുത്തി. വിദ്യാർത്ഥികൾക്കിടയിൽ വളർന്നു വരുന്ന ലഹരി ഉപയോഗത്തെപ്പറ്റി സമ്മേളനം ആശങ്ക രേഖപ്പെടുത്തി. ലഹരിക്കെതിരെ ബോധവൽക്കരണം അടക്കമുള്ള പോരാട്ടം സംഘടിപ്പിക്കാൻ കെ.എസ്.യു തീരുമാനിച്ചു. വിദ്യാർത്ഥികളെ ലഹരി ഉപയോഗത്തിലേക്ക് തള്ളിവിടുന്നത് എസ്.എഫ്.ഐ ആണെന്നും അവരുടെ ഗുണ്ടായിസം നിലനിറുത്താൻ വിദ്യാർത്ഥികളെ ലഹരിക്ക് അടിമകളാക്കുകയാണെന്നും രാഷ്ട്രീയ പ്രമേയം കുറ്റപ്പെടുത്തി.

കോൺഗ്രസ്

നന്നാകണമെന്ന്

ഉപദേശം

തങ്ങൾക്കു മാതൃകയും ഉപദേശകരുമാകേണ്ട കോൺഗ്രസിന്റെ അപചയത്തെക്കുറിച്ചും കെ.എസ്.യു ചർച്ച ചെയ്തു. കോൺഗ്രസിന്റെ തകർച്ചയുടെ കാരണങ്ങൾ പഠിക്കുകയും തിരുത്തലിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കോൺഗ്രസ് തിരുത്താൻ കാലതാമസം ഉണ്ടാകുന്നത് വിദ്യാർത്ഥികളിലും യുവാക്കളിലും നിരാശയുണ്ടാക്കുന്ന കാര്യമാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് നന്നായില്ലെങ്കിൽ കെ.എസ്.യുവിൽ നിന്ന് പുതിയ തലമുറയെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയാതെ വരും. കോൺഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പ് കൃത്യമായ ഇടവേളകളിൽ നടത്തണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. രാഷ്ട്രീയ കേസുകൾ തീർപ്പാക്കുന്നതിന് വേണ്ടി കെ.പി.സി.സി തുക അനുവദിച്ചെങ്കിലും കെ.എസ്‌.യുക്കാരുടെ കേസുകൾ ഇപ്പോഴും നിലനിൽക്കുകയാണെന്ന ഗുരുതര ആരോപണം, കെ.എസ്.യുവിന്റെ പേരിൽ ചില കോൺഗ്രസ് നേതാക്കൾ നടത്തിയ സാമ്പത്തിക തട്ടിപ്പുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ആരോഗ്യമന്ത്രിയുടെ ജില്ലയിൽ കോന്നി മെഡിക്കൽ കോളേജിന് അനുമതി ലഭിക്കാതിരുന്നത് മന്ത്രിയുടെ പരാജയമെന്ന് പ്രമേയം കുറ്റപ്പെടുത്തി. ഇന്റേണൽ മാർക്കിൽ രാഷ്ട്രീയം കലർത്തുന്ന ഏതാനും അദ്ധ്യാപകർ ജില്ലയിലുണ്ടെന്ന് പ്രമേയം ആരോപിച്ചു.

കാമ്പസുകളിൽ

ജനാധിപത്യം വേണം

സംസ്ഥാനത്തെ കാമ്പസുകളിൽ എസ്.എഫ്.ഐയുടെ ഏകാധിപത്യം അവസാനിപ്പിച്ച് ജനാധിപത്യം പുന:സ്ഥാപിക്കണമെങ്കിൽ കെ.എസ്.യു ശക്തിപ്പെടണമെന്ന ചിന്തയോടെയാണ് സമ്മേളനം അവസാനിച്ചത്. കാമ്പസുകളിൽ നിന്ന് ജനാധിപത്യം തുടച്ചുമാറ്റാൻ ശ്രമിക്കുന്നതിനെതിരെ പോരാട്ടം തുടങ്ങണമെന്ന് പ്രതിനിധിസമ്മേളനത്തിൽ ഡീൻ കുര്യാക്കോസ് എം.പി ആഹ്വാനം ചെയ്തു. പൂർവകാല കെ.എസ്.യു പ്രവർത്തകരെ ആദരിച്ചുകൊണ്ടാണ് സമ്മേളനം അവസാനിച്ചത്. പത്തനംതിട്ട ജില്ല രൂപീകരിച്ച് മുപ്പത്തെട്ട് വർഷമായെങ്കിലും കെ.എസ്.യുവിന്റെ ജില്ലാ സമ്മേളനം പൂർണതോതിൽ സംഘടിപ്പിച്ചത് ഇതാദ്യമാണ്. നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത ആവേശകരമായ റാലിയും നടന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പി.സി.വിഷ്ണുനാഥ്, എം.പിമാരായ ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത്, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ തുടങ്ങിയ നേതാക്കളുടെ സാന്നിദ്ധ്യം സമ്മേളനത്തിൽ ശ്രദ്ധേയമായി.

Advertisement
Advertisement