ജനാധിപത്യം മതാധിപത്യത്തിന് വഴിമാറി: വെള്ളാപ്പള്ളി

Tuesday 06 September 2022 12:46 AM IST
എസ്.എൻഡി​.പി​ യോഗം കുട്ടനാട് സൗത്ത് യൂണിയനിെലെ തകഴി കുന്നുമ്മ 14 -ാം നമ്പർ ശാഖയിലെ വിവിധ ഗുരുകാരുണ്യ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുന്നു

അമ്പലപ്പുഴ: കേരളത്തിൽ ജനാധിപത്യം മതാധിപത്യത്തിന് വഴിമാറിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി​.പി​ യോഗം തകഴി കുന്നുമ്മ 14-ാം നമ്പർ ശാഖയിലെ വിവിധ ഗുരുകാരുണ്യ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം നി​ർവഹി​ക്കുകയായി​​രുന്നു അദ്ദേഹം.

ആദർശ രാഷ്ടീയം മാറി രാഷ്ട്രീയം മത ശക്തികൾ കീഴടക്കി. പിന്നാക്കക്കാരുടെ പിന്നാക്കാവസ്ഥ മാറിയിട്ടില്ല. അതിനായി സംഘടിത ശക്തിയായി പിന്നാക്കക്കാർ മാറണം. അർഹതപ്പെട്ടത് ചോദിച്ചു വാങ്ങാനുള്ള കരുത്തു നേടണം. ദേവസ്വം ക്ഷേത്രങ്ങളിൽ 97 ശതമാനവും മുന്നാക്ക ജാതിക്കാരാണെന്നും അഥവ പിന്നാക്കക്കാരുണ്ടെങ്കിൽ അവരെ ജോലി ചെയ്യാൻ സമ്മതിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടനാട് സൗത്ത് യൂണിയനിലെ കുന്നുമ്മ 14-ാം നമ്പർ ശാഖയിൽ ആരംഭിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം വെള്ളാപ്പള്ളി നിർവഹിച്ചു. ശാഖാംഗങ്ങളുടെ കുട്ടികൾക്ക് പേരിടൽ ചടങ്ങിന് 1000 രൂപയും ശാഖാംഗങ്ങളുടെ മക്കളെ എഴുത്തിനിരുത്തുന്ന ചടങ്ങിന് 500 രൂപയും വിവാഹിതരാകുന്ന എല്ലാ പെൺകുട്ടികൾക്കും 3000 രൂപയും വിധവയുടെ പുത്രിക്ക് ശാഖ വിഹിതമായ 3000 രൂപയും പ്രത്യേക ധനസഹായമായ 2000 രൂപയും ചേർത്ത് 5000 രൂപയും നൽകുന്ന വിവിധ പദ്ധതികൾക്കാണ് ശാഖായോഗം തുടക്കമിട്ടത്.

ശാഖ കുടുംബാംഗങ്ങൾ ശാഖ പരിധിയിൽത്തന്നെ പുതിയ വീട് നിർമിച്ച് ഗൃഹപ്രവേശനം നടത്തുമ്പോൾ 2000 രൂപയും ഗുരുദേവ ചിത്രവും നൽകും. 80 വയസ് പൂർത്തിയായ എല്ലാവർക്കും വീട്ടിലെത്തി ഓണക്കോടി നൽകുന്ന പദ്ധതിയും ആരംഭിച്ചു. കുട്ടനാട് സൗത്ത് യൂണിയനു കീഴിൽ ആദ്യമായാണ് ഒരു ശാഖയിൽ ഈ പദ്ധതി നടപ്പാക്കുന്നത്.

ജനറൽ സെക്രട്ടറിയെ രാവിലെ 10.30ന് തകഴി ക്ഷേത്രത്തിന് സമീപത്തു നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് ആനയിച്ചത്. കുട്ടനാട് സൗത്ത് യൂണിയൻ ചെയർമാൻ പച്ചയിൽ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ.പി. സുപ്രമോദം മുഖ്യ പ്രഭാഷണം നടത്തി. കാഷ് അവാർഡ് വിതരണവും ആദരിക്കലും ചലച്ചിത്ര സംവിധായകൻ എസ്.ജെ. സിനു നിർവഹിച്ചു. കുട്ടനാട് സൗത്ത് യൂണിയൻ അഡ്മിമിനിസ്ട്രേറ്റീവംഗം എം. ബാബു, ശാഖ സെക്രട്ടറി രാജൻ ഐരാമ്പള്ളി, പ്രസിഡന്റ് എ.ഡി. പ്രകാശൻ, സുഭാഷ് എന്നിവർ സംസാരി​ച്ചു. ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷവും 11-ാമത് പ്രതിഷ്ഠാ വാർഷികവും 10 ന് നടക്കും.

Advertisement
Advertisement