വായു എത്തുന്നു: ജാഗ്രതയോടെ ഗുജറാത്ത്
Tuesday 11 June 2019 9:40 PM IST
ഡൽഹി: 'വായു' എന്ന് പേരിട്ട ചുഴലിക്കാറ്റ് വ്യാഴാഴ്ച രാവിലെയോടെ തീവ്രചുഴലിക്കാറ്റായി ഗുജറാത്ത് തീരത്ത് വീശിയടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചതാണിത്. മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയിലാകും 'വായു" ഗുജറാത്തിലെത്തുക. ഗുജറാത്തിലെ പോർബന്തർ, മഹുവാ, വെരാവൽ തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് കടന്നുപോകുന്ന കർണാടക, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലും കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സൗരാഷ്ട്ര, കച്ച് മേഖലകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ കനത്തമഴയും കാറ്റും നാശനഷ്ടം വിതയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ, 4.5 മീറ്റർ ഉയരത്തിൽ തിരമാല അടിക്കാനും സാധ്യതയുണ്ട്.