മൂന്ന് പേരെയും കണ്ടെത്തിയില്ല, പെരുമാതുറയിൽ തെരച്ചിൽ തുടരുന്നു

Wednesday 07 September 2022 3:53 AM IST

ചിറയിൻകീഴ്: പെരുമാതുറ മുതലപ്പൊഴിയിൽ തിങ്കളാഴ്ച മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായവർക്കു വേണ്ടിയുള്ള അന്വേഷണം ഇന്നലെയും വിഫലമായി. രക്ഷാപ്രവർത്തനത്തിന് നേവി ഹെലികോപ്റ്റർ എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ തെരച്ചിലിനെ ബാധിച്ചു. കോസ്റ്റൽ പൊലീസിന്റെ ബോട്ട്, സ്കൂബാ ടീം, കോസ്റ്റൽ വിഭാഗം മുങ്ങൽ വിദഗ്ദ്ധർ,കോസ്റ്റ് ഗാർഡ് - നേവി കപ്പലുകൾ എന്നിവയ്‌ക്കൊപ്പം മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. തകർന്ന ബോട്ടിലുണ്ടായിരുന്ന മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്.

മറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ടിൽ മത്സ്യത്തൊഴിലാളികളെക്കൂടി കയറ്റിയാണ് തെരച്ചിൽ നടത്തിയത്. തെര‌ച്ചിൽ രാത്രി വൈകിയും തുടർന്നു. ബോട്ട് ഉടമ വർക്കല ചിലക്കൂർ കൊലിയിൽ കുന്നുവീട്ടിൽ കഹാറിന്റെ മക്കളായ മുഹമ്മദ് മുസ്തഫ, മുഹമ്മദ് ഉസ്മാൻ, ചിലക്കൂർ കനാൽപുറമ്പോക്ക് വീട്ടിൽ അബ്ദുൾ സമദ് എന്നിവരെയാണ് കണ്ടെത്തേണ്ടത്. പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റും അടിയൊഴുക്കും തെരച്ചിലിനെ സാരമായി ബാധിച്ചു .
കാണാതായവർ വലയിൽ കുരുങ്ങിക്കിടക്കാനുള്ള സാദ്ധ്യതയാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ബോട്ടിലുണ്ടായിരുന്ന വൻ വല പുലിമുട്ടിലും വെളളത്തിലുമായി കുടുങ്ങി കിടക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം കണക്കിലെടുത്ത് വല മാറ്റുന്നതിനുവേണ്ടി മറൈൻ എൻഫോഴ്സ്മെന്റിന്റെയും കോസ്റ്റൽ പൊലീസിന്റെയും നേതൃത്വത്തിൽ ശ്രമം നടന്നിരുന്നു. വലയിൽ വടംകെട്ടി വലിച്ചുമാറ്റാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വല ഉയർത്താനായി കഴിഞ്ഞ ദിവസം ക്രെയിൻ എത്തിച്ചെങ്കിലും ഫലവത്തായിരുന്നില്ല. വലിയ ക്രെയിൻ എത്തിച്ച് വല മാറ്റാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. എന്നാൽ അതിലെ അപ്രായോഗികത കണക്കിലെത്ത്,വല മുറിച്ചുമാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. നേവിയുടെ നേതൃത്വത്തിൽ പുലിമുട്ടിൽ കുരുങ്ങിക്കിടക്കുന്ന വല മുറിച്ച് മാറ്റാനുളള ശ്രമങ്ങൾ നടക്കുകയാണ്.

തിങ്കളാഴ്ച ഉച്ചയോടെയാണ് മത്സ്യബന്ധനത്തിന് പോയി മടങ്ങിയ സഫാ മർവാ എന്ന ബോട്ട് അഴിമുഖത്തിന് സമീപം അപകടത്തിൽപ്പെട്ടത്. അന്തരീക്ഷം മോശമായതിനെത്തുടർന്ന് മടങ്ങുമ്പോഴാണ് അഴിമുഖത്തിന് സമീപംവച്ച് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്. തുടർന്ന് പുലിമുട്ടിൽ ഇടിച്ച് ബോട്ട് തകർന്നു. സംഭവത്തിൽ വർക്കല വിളബ്ഭാഗം വിളയിൽവീട്ടിൽ നിസാമുദ്ദീൻ (65), വർക്കല വെട്ടൂർ മൂപ്പക്കുടി റംസി മൻസിലിൽ ഷാനവാസ് (62) എന്നിവർ മരിച്ചിരുന്നു . ബോട്ടിൽ 23 പേർ ഉണ്ടായിരുന്നതായാണ് നിഗമനം. ബോട്ടുടമയായ കഹാറടക്കം ഇരുപതുപേർ രക്ഷപ്പെട്ടിരുന്നു.

Advertisement
Advertisement