മട്ടന്നൂർ മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു

Tuesday 06 September 2022 11:56 PM IST

കണ്ണൂർ: മട്ടന്നൂർ മണ്ഡലത്തിൽ കൂടാളി പഞ്ചായത്തിലെ കൊളപ്പയിൽ മട്ടന്നൂർ മിനി സ്റ്റേഡിയം ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു. കിഫ്ബി ധനസഹായത്തോടെ 4.12 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നിർമ്മാണം പൂർത്തീകരിച്ചത്. സ്‌പോർട്സ് ഫൗണ്ടേഷൻ പുതുതായി 130 കോടി രൂപയുടെ വികസന പ്രവൃത്തികളാണ് ഏറ്റെടുത്തത്. നിലവിൽ 700 കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരണത്തിലാണ്.

300 കോടി രൂപയുടെ പ്രവൃത്തികൾ അവസാന ഘട്ടത്തിലായിക്കഴിഞ്ഞു. ഇവ പൂർത്തിയാവുന്നതോടെ കേരള കായിക രംഗത്തിന്റെ മുഖച്ഛായ മാറുമെന്ന് മന്ത്രി പറഞ്ഞു.
കെ.കെ ശൈലജ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഷൈമ മിനി സ്‌റ്റേഡിയത്തിന്റെ താക്കോൽ ഏറ്റുവാങ്ങി. കായിക യുവജനകാര്യ മന്ത്രാലയം ഡയറക്ടർ പ്രേംകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി രാജശ്രീ, വാർഡ് അംഗം പി.സി ശ്രീകല, കേരള സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ്, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ പവിത്രൻ, കൂടാളി പഞ്ചായത്ത് സെക്രട്ടറി എം. പ്രദീപൻ സംസാരിച്ചു.

Advertisement
Advertisement