പ്രീതിയ്ക്ക് പകരം ഇന്ത്യൻ സാന്നിദ്ധ്യമായി സ്യുവെല്ല

Wednesday 07 September 2022 5:29 AM IST

ലണ്ടൻ : ലിസ് ട്രസ് ക്യാബിനറ്റിലെ ഇന്ത്യൻ സാന്നിദ്ധ്യമായി ഇംഗ്ലണ്ട് ആൻഡ് വെയ്‌ൽസ് അറ്റോണി ജനറൽ സ്യുവെല്ല ബ്രേവർമാൻ. ഇന്ത്യൻ വംശജ പ്രീതി പട്ടേൽ വഹിച്ചിരുന്ന ഹോം സെക്രട്ടറി പദവിയാണ് മറ്റൊരു ഇന്ത്യൻ വംശജയായ സ്യുവെല്ല ബ്രേവർമാന് ലഭിച്ചിരിക്കുന്നത്.

ലിസ് ട്രസ് പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് മണിക്കൂറുകൾക്കകം പ്രീതി പട്ടേൽ ഹോം സെക്രട്ടറി പദവിയിൽ നിന്ന് രാജി പ്രഖ്യാപിച്ചിരുന്നു. ബോറിസ് ജോൺസണ് ശക്തമായ പിന്തുണ പ്രഖ്യാപിച്ചായിരുന്നു പ്രീതിയുടെ നടപടി. തിങ്കളാഴ്ച ചേർന്ന പാർലമെന്റ് സമ്മേളനത്തിനിടെ താൻ പ്രസംഗം നടത്തവെ സഭയിൽ തന്റെ നയങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ച് ബഹളം വച്ച എംപിമാരോട് വായടയ്ക്കാൻ ആക്രോശിച്ചിരുന്നു. ലിസ് ട്രസിന്റെ നേതൃത്വത്തിലെ പുതിയ മന്ത്രിസഭയ്ക്ക് പ്രീതി പിന്തുണയും പ്രഖ്യാപിച്ചു. പ്രീതി പട്ടേലിന് പുറമേ ഋഷി സുനാക് ( ധനമന്ത്രി ), അലോക് ശർമ ( ക്യാബിനറ്റ് ഓഫീസ് മന്ത്രി ) എന്നിവരായിരുന്നു ബോറിസ് മന്ത്രിസഭയിലെ മറ്റ് ഇന്ത്യൻ വംശജർ.

ഗ്രേറ്റർ ലണ്ടനിലെ ഹാരോയിലാണ് 42കാരിയായ സ്യുവെല്ലയുടെ ജനനം. 1960കളിൽ ബ്രിട്ടണിലേക്ക് കുടിയറിയ ഇന്ത്യൻ വംശജരായ ക്രിസ്റ്റി, ഉമാ ഫെർണാണ്ടസ് എന്നിവരാണ് മാതാപിതാക്കൾ. സ്യുവെല്ലയുടെ മാതാവ് ഒരു തമിഴ് മൗറീഷ്യൻ കുടുംബത്തിലാണ് ജനിച്ചത്. നഴ്സായിരുന്ന ഉമ വടക്ക് - പടിഞ്ഞാറൻ ലണ്ടനിലെ ബ്രെന്റിലെ മുൻ കൗൺസിലറായിരുന്നു. 2001 പൊതുതിരഞ്ഞെടുപ്പിൽ ടോറ്റനത്തിൽ നിന്ന് കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2013ൽ ബ്രെന്റ് ഈസ്റ്റിലെ ഉപതിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിതാവിന്റെ വേരുകൾ ഗോവയിലാണ്. റേയൽ ബ്രേവർമാനാണ് സ്യുവെല്ലയുടെ ഭർത്താവ്. ഇവർക്ക് രണ്ട് മക്കളുണ്ട്.


ബോറിസിന്റെ പിൻഗാമിയാകാനുള്ള ആദ്യ ഘട്ട മത്സരത്തിൽ സ്യുവെല്ല മത്സരിച്ചിരുന്നെങ്കിലും രണ്ടാം റൗണ്ടിൽ പുറത്തായിരുന്നു. 2015 മുതൽ ഫെയർഹാമിൽ നിന്നുള്ള എം.പിയായ സ്യുവെല്ല എജ്യുക്കേഷൻ സെലക്ട് കമ്മിറ്റി അംഗമായിരുന്നു. ട്രഷറി ഡിപ്പാർ‌ട്ട്മെന്റിലെ പാർലമെന്ററി പ്രൈവറ്റ് സെക്രട്ടറി, ബ്രെക്സിറ്റ് മന്ത്രി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 2020ലാണ് സ്യുവെല്ലയെ ബോറിസ് ജോൺസൺ അറ്റോണി ജനറലായി നിയമിച്ചത്.

ബ്രിട്ടണിലേക്കുള്ള അനധികൃത കുടിയേറ്റം തടയുകയാണ് സ്യുവെല്ലയ്ക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.

Advertisement
Advertisement