പരസ്പര വിശ്വാസം തകർക്കുന്നവർക്ക് എതിരെ ഒന്നിച്ച് പോരാടും: മോദി

Wednesday 07 September 2022 5:34 AM IST

 ഇന്ത്യയും ബംഗ്ളാദേശും 7കരാറുകളിൽ ഒപ്പിട്ടു

ന്യൂഡൽഹി: അടുത്ത 25 വർഷത്തിനകം ഇന്ത്യയും ബംഗ്ളാദേശും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തുമെന്നും ഇരുരാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയ്‌ക്ക് പ്രയോജനംലഭിക്കുന്ന വിധത്തിൽ വാണിജ്യ ബന്ധങ്ങൾ മെച്ചപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

പരസ്പര വിശ്വാസത്തെ ശിഥിലമാക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ശക്തികൾക്കെതിരെ ഒന്നിച്ച് പോരാടുമെന്നും മോദി പറഞ്ഞു.

ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള കൂടിക്കാഴ്‌‌ചയ്‌ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുനേതാക്കളുടെയും സാന്നിദ്ധ്യത്തിൽ 7 സുപ്രധാന കരാറുകൾ ഒപ്പിടുകയും സുപ്രധാന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്‌തു. ഹസീന ഇന്നലെ രാവിലെ രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായും കൂടിക്കാഴ്‌‌ച നടത്തി.

ഹസീനയുടെ നേതൃത്വത്തിൽ ഏറെ മുന്നേറി ബംഗ്ളാദേശ് ഇന്ത്യയുമായുള്ള സഹകരണവും അതിവേഗം മെച്ചപ്പെടുത്തി. ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വികസന-വ്യാപാര പങ്കാളിയാണ്. സാംസ്കാരിക ബന്ധവും ജനങ്ങളുടെ അടുപ്പവും വർദ്ധിച്ചു. ഇത് വ്യാപാര സൗകര്യങ്ങൾ വികസിപ്പിക്കാനും സമ്പദ്‌വ്യവസ്ഥകളെ ഉത്തേജിപ്പിക്കാനും പ്രയോജനപ്പെടും. ബംഗ്ലാദേശ് ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ കൂടുതൽ വിപണി ഉറപ്പാക്കും. ഐ.ടി, ബഹിരാകാശം, ആണവോർജ്ജം തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനും തീരുമാനിച്ചു. കാലാവസ്ഥാ വ്യതിയാനം, സുന്ദർബൻസ് അടക്കമുള്ള പൊതു പൈതൃകം സംരക്ഷിക്കൽ എന്നിവയിൽ തുടർന്നും സഹകരിക്കും.

ഇന്ത്യൻ സഹായത്തോടെ നിർമ്മിച്ച മൈത്രി തെർമ്മൽ പവർ പ്ലാന്റ് ബംഗ്ലാദേശിൽ വൈദ്യുതി ലഭ്യത വർദ്ധിപ്പിക്കുമെന്നും കുശിയാര നദിയിലെ ജലം പങ്കിടൽ കരാർ തെക്കൻ അസാമിനും ബംഗ്ലാദേശിലെ സിൽഹട്ട് മേഖലയ്ക്കും ഗുണം ചെയ്യുമെന്നും മോദി പറഞ്ഞു. പ്രളയ നിയന്ത്രണവും അതിർത്തികടന്നുള്ള ഭീകരപ്രവർത്തനങ്ങൾ പ്രതിരോധിക്കാനുള്ള നടപടികളും ചർച്ച ചെയ്‌തു.

7 കരാറുകൾ:

 അതിർത്തിയിലൂടെ ഒഴുകുന്ന കുശിയാര നദിയിൽ നിന്ന് ജലം പങ്കിടൽ

 ബംഗ്ലാദേശ് റെയിൽവേ ഉദ്യോഗസ്ഥരെ ഇന്ത്യയിൽ പരിശീലിപ്പിക്കൽ

 ബംഗ്ളാദേശ് റെയിൽവേയ്‌ക്കുള്ള ഐ.ടി സഹായം

 ബംഗ്ലാദേശ് ജുഡിഷ്യൽ ഓഫീസർമാർക്കുള്ള പരിശീലനം

 ശാസ്ത്ര സാങ്കേതിക സഹകരണം

 ബഹിരാകാശ സാങ്കേതികവിദ്യയുടെ മേഖലകളിലെ സഹകരണം

 പ്രസാർ ഭാരതിയും ബംഗ്ലാദേശ് ടെലിവിഷനും തമ്മിൽ സഹകരണം

ഇരുപ്രധാനമന്ത്രിമാരും സംയുക്തമായി ഉദ്ഘാടനം ചെയ്‌ത പദ്ധതികൾ:

1. ഖുൽനയിലെ രാംപാലിൽ ഇന്ത്യൻ സഹായത്തോടെ നിർമ്മിച്ച 1320 മെഗാവാട്ട് മൈത്രി കൽക്കരി താപവൈദ്യുത നിലയത്തിന്റെ അനാച്ഛാദനം.

പ്ളാന്റിന് 160 കോടി യു.എസ് ഡോളറിന്റെ ഇന്ത്യൻ വികസന സഹായം.

2. 64.7 കി.മീ ദൈർഘ്യമുള്ള ഖുൽന-മോംഗ്ല തുറമുഖ സിംഗിൾ ട്രാക്ക് ബ്രോഡ് ഗേജ് റെയിൽ പദ്ധതിയുടെ ഒരു പ്രധാന ഭാഗമായ 5.13 കി.മീ ദൈർഘ്യമുള്ള രൂപ്ഷ റെയിൽപ്പാലം ഉദ്ഘാടനം.

മോംഗ്ലാ തുറമുഖത്തെ ഖുൽനയുമായി ബന്ധിപ്പിക്കുന്ന പാതയിലൂടെ ഇന്ത്യൻ അതിർത്തിയിലേക്കും യാത്രാ സൗകര്യം.

3. ബംഗ്ലാദേശ് റോഡ് ആൻഡ് ഹൈവേയ്സ് വകുപ്പിന്

റോഡ് നിർമ്മാണ ഉപകരണങ്ങളും യന്ത്രസാമഗ്രികളും വിതരണം ചെയ്യൽ പദ്ധതി

4. ഇന്ത്യാ-ബംഗ്ളാദേശ് അതിർത്തിയിലെ ഗെഡെ-ദർശനയിലെ നിലവിലെ പാതയെ ഖുൽനയുമായി ബന്ധിപ്പിക്കുന്ന റെയിൽവേ പാതയുടെ നവീകരണം. ഇന്ത്യയിൽ നിന്ന് ധാക്കയിലേക്കും ഭാവിയിൽ മോംഗ്ല തുറമുഖത്തേക്കും കണക്‌ടിവിറ്റി.

5. പർബതിപൂർ-കൗനിയ മീറ്റർ ഗേജ് പാത ഡ്യുവൽ ഗേജ് പദ്ധതിയാക്കൽ: ബിറോൾ (ബംഗ്ലാദേശ്)-രാധികാപൂർ (പശ്ചിമ ബംഗാൾ) എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പാത അതിർത്തിയിലെ കണക്‌ടിവിറ്റി വിപുലമാക്കും.

Advertisement
Advertisement