അസാമിൽ അൽ ക്വഇദ ബന്ധമുള്ള മദ്രസ മുസ്ളിങ്ങൾ തന്നെ തകർത്തു

Thursday 08 September 2022 12:56 AM IST

ഗുവാഹത്തി: തീവ്രവാദ സംഘടനയായ അൽ ക്വഇദയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മദ്രസ അദ്ധ്യാപകൻ അറസ്റ്റിലാകുകയും രണ്ടുപേർ ഒളിവിൽ പോകുകയും ചെയ്തതോടെ മുസ്ളിം സമുദായാംഗങ്ങൾ തന്നെ മദ്രസ തകർത്തു. അസാമിലെ ഗോൽപാരയിൽ ചൊവ്വാഴ്ചയാണ് സംഭവം. അൽ-ക്വയിദ പോലുള്ള തീവ്രവാദ ഗ്രൂപ്പുകളോട് ബന്ധം പുലർത്തുകയും ജിഹാദി ഘടകങ്ങളുടെ കേന്ദ്രമാകുകയും ചെയ്ത മദ്രസകൾക്കെതിരെ സംസ്ഥാന സർക്കാർ നടപടികളെടുത്ത ശേഷം തകർക്കപ്പെടുന്ന നാലാമത്തെ മദ്രസയാണിത്.

ജിഹാദികളെ കണ്ടെത്താൻ അധികൃതരെ സഹായിക്കണമെന്ന അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ആഹ്വാനം കണക്കിലെടുത്ത് മുസ്ളിം സമുദായത്തിൽ പെട്ടവർ മുൻകൈയെടുത്ത് മദ്രസ തകർക്കുന്ന ആദ്യ സംഭവമാണ് ഗോൽപാരയിലേത്. മസ്ജിദുകളിലെ ഇമാമുകളായോ അദ്ധ്യാപകരായോ പുറത്തു നിന്നെത്തുന്നവരിൽ നിരന്തര ശ്രദ്ധ വേണമെന്ന് ഹിമന്ത ബിശ്വ ശർമ്മ പ്രദേശവാസികളോട് ആവശ്യപ്പെട്ടിരുന്നു. മദ്രസ തകർത്ത സംഭവം നാട്ടുകാർ അധികൃതരെ അറിയിച്ചിട്ടില്ല. ഇക്കാര്യം അറിയില്ലെന്നും ജില്ലാ ഭരണകൂടത്തിന് പങ്കില്ലെന്നും എസ്.പി വി.വി. രാകേഷ് റെഡ്ഡി പറഞ്ഞു. അറസ്റ്റിലായ ജലാലുദ്ദീൻ ഷെയ്ഖ് 2020 മുതൽ രണ്ട് ബംഗ്ലാദേശി പൗരന്മാരെ മദ്രസയിലെ അദ്ധ്യാപകരാക്കിയിരുന്നു. ഇരുവരും ഒളിവിലാണ്.

അൽ ക്വഇദയുടെ ബന്ധമുള്ള 40ഓളം പേരെയാണ് ഇൗ പ്രദേശത്ത് നിന്ന് കഴിഞ്ഞ മാർച്ച് മുതൽ പൊലീസ് പിടികൂടിയത്. ഇവരിൽ ഭൂരിഭാഗം പേരും മദ്രസ അദ്ധ്യാപകരായാണ് പ്രവർത്തിച്ചിരുന്നത്. ഇതേത്തുടന്ന് കഴിഞ്ഞ മാസം അൽ-ക്വഇദയുമായി ബന്ധമുള്ള മൂന്ന് മദ്രസകളാണ് സർക്കാർ തകർത്തിരുന്നു.

Advertisement
Advertisement