യുവാവിനെ കുത്തിക്കൊന്ന പ്രതി അറസ്റ്റിൽ

Thursday 08 September 2022 1:43 AM IST

കൊല്ലം: അക്രമി സംഘങ്ങൾ തമ്മിലുള്ള മുൻവൈരാഗ്യത്തെ തുടർന്ന് ചേരിതിരിഞ്ഞ് നടന്ന സംഘട്ടനത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയയാളെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. മുഖത്തല കിഴവൂർ പുതുവൽ പുത്തൻ വീട്ടിൽ രാഹുൽ ഭവനിൽ രാജുവാണ് (44) അറസ്റ്റിലായത്.

രണ്ടാം പ്രതിയായ സതീഷ് പരിക്കേറ്റ് ചികിത്സയിലാണ്. 4ന് രാത്രി 8.30 ഓടെയാണ് സംഭവം. സതീഷും സുഹൃത്തായ സുനിലും കിഴവൂർ എ.പി ജംഗ്ഷനിൽ നിൽക്കുമ്പോൾ ബൈക്കിലെത്തിയ അഭിരാജും സനിലുമായി വാക്ക് തർക്കവും അടിപിടിയും ഉണ്ടായി . ഈ സമയം അതുവഴി വന്ന രാജു കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സനിലിനെയും
അഭിരാജിനെയും കുത്തുകയായിരുന്നു. ഇരുവരെയും ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും സനിൽ മരിച്ചു. ഒളിവിലായിരുന്ന രാജുവിനെ ബന്ധുവീട്ടിൽ നിന്നാണ് പിടിയിലായത്. വർഷങ്ങളായി നിലനിന്നിരുന്ന വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊട്ടിയം ഇൻസ്‌പെക്ടർ എം.സി. ജിംസ്റ്റലിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement
Advertisement