ഭൂഗർഭ പാർക്കിംഗ് ഏരിയ വെള്ളത്തിൽ മുങ്ങി: ഏഴ് പേർക്ക് ദാരുണാന്ത്യം

Thursday 08 September 2022 3:28 AM IST

സോൾ : ദക്ഷിണ കൊറിയയിലെ പൊഹാംഗ് നഗരത്തിൽ ഭൂഗർഭ കാർ പാർക്കിംഗ് ഏരിയയിൽ വെള്ളം ഇരച്ചുകയറി ഏഴ് പേർക്ക് ദാരുണാന്ത്യം. അതിശക്തമായ ' ഹിന്നാംനോർ" ചുഴലിക്കൊടുങ്കാറ്റ് വീശിയടിച്ചതോടെ ദക്ഷിണ കൊറിയയിലുണ്ടായ കനത്ത മഴയാണ് വെള്ളപ്പൊക്കത്തിനിടയാക്കിയത്. പാർക്കിംഗ് ഏരിയയിൽ നിന്ന് തങ്ങളുടെ കാറുകൾ പുറത്തെത്തിക്കാൻ ശ്രമിച്ചവരാണ് ഒഴുക്കിൽപ്പെട്ടത്. സീലിംഗ് പൈപ്പുകളിൽ 12 മണിക്കൂറിലേറെ തൂങ്ങിക്കിടന്ന രണ്ട് പേരെ അത്ഭുതകരമായി രക്ഷപ്പെടുത്തിയെന്ന് അഗ്നിശമന സേന അറിയിച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് ഏകദേശം പൂർണ്ണമായും മുങ്ങിയ ഭൂഗർഭ പാർക്കിംഗ് ഏരിയയിലേക്ക് അധികൃതർക്ക് എത്താനായത്. ചൊവ്വാഴ്ച രാവിലെയോടെയാണ് അപകടമുണ്ടായത്. ഇവിടത്തെ ഒരു അപ്പാർട്ട്മെന്റിലെ താമസക്കാരാണ് അപകടത്തിൽപ്പെട്ട എല്ലാവരും. ഈ വർഷം ലോകത്ത് വീശുന്ന ആദ്യത്തെ ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റായ ഹിന്നാംനോർ ഈ ആഴ്ചയുടെ തുടക്കത്തിലാണ് ദക്ഷിണ കൊറിയയിലെത്തിയത്. കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ച നഗരങ്ങളിലൊന്നാണ് പൊഹാംഗ്. ഇവിടത്തെ ഒരു ഹോട്ടൽ തകർന്നുവീണിരുന്നു. അപകടത്തിൽ ആർക്കും ആളപായമില്ല. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാജ്യത്തിന്റെ തെക്കു കിഴക്കൻ തീരങ്ങളിൽ വീശിയടിച്ച ഹിന്നാംനോറിനെ തുടർന്ന് 10 പേർ മരിച്ചെന്നാണ് കണക്ക്. ബൂസാൻ, ഉൽസാൻ നഗരങ്ങളിലും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Advertisement
Advertisement