പണവും പ്രശസ്തിയും മുതലെടുക്കാനാണ് ശ്രമം, പക്ഷേ അവൾ എന്റെ ചോരയിൽ പിറന്നതല്ല; മകളുടെ പ്രണയവിവാഹത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി രാജ് കിരൺ

Friday 09 September 2022 12:51 PM IST

മലയാളികൾക്ക് സുപരിചിതനായ തമിഴ് നടനാണ് രാജ് കിരൺ. അദ്ദേഹത്തിന്റെ മകൾ സീനത്ത് പ്രിയയും സീരിയൽ നടനായ മുനിഷ് രാജയുമായുള്ല വിവാഹം മാതാപിതാക്കളുടെ അനുവാദമില്ലാതെ നടന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് രാജ് കിരൺ.

മുനിഷിന് പ്രിയയോട് സ്നേഹമില്ലെന്നും തന്റെ പ്രശസ്തി മുതലെടുത്ത് അവസരങ്ങൾ നേടാനും പണം തട്ടാനുമാണ് സോഷ്യൽ മീഡിയയിലൂടെ മകളുമായി ഇയാൾ ചങ്ങാത്തത്തിലായതെന്നും രാജ് കിരൺ ആരോപിച്ചു. ടിപ്പു സുൽത്താൻ എന്ന മകൻ മാത്രമാണ് തന്റെ ചോരയിൽ പിറന്നതെന്നും പ്രിയ തന്റെ മകളല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. അവളെ വേദനിപ്പിക്കാതിരിക്കാൻ വേണ്ടിയാണ് ഇക്കാര്യം ഇതുവരെ വെളിപ്പെടുത്താത്തതെന്നും രാജ് കിരൺ ഫേസ്ബുക്കിൽ കുറിച്ചു. മുനിഷുമായുള്ള വിവാഹത്തോടെ പ്രിയയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്നും, ഏതെങ്കിലും തരത്തിൽ തന്റെ പേര് ഉപയോഗിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും രാജ് കിരൺ മുന്നറിയിപ്പ് നൽകി.


മുനിഷുമായി പ്രണയത്തിലാണെന്ന് പ്രിയ പറഞ്ഞപ്പോൾ തന്നെ അയാളെക്കുറിച്ച് അന്വേഷിച്ചെന്നും, വളരെ മോശം വിവരങ്ങളാണ് ലഭിച്ചതെന്നും രാജ് കിരൺ പറഞ്ഞു. ഇക്കാര്യം അറിയിച്ചപ്പോൾ മറ്റൊരാളെ കണ്ടെത്താൻ പ്രിയ ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് കുടുംബസുഹൃത്തിനെ കാണാനെന്ന വ്യാജേന വീട്ടിൽ നിന്നിറങ്ങിയ പ്രിയ മുനിഷ് രാജയ്ക്കൊപ്പം ആന്ധ്രാപ്രദേശിലേയ്ക്ക് കടന്നത്.