ഓണവിരുന്നായി പത്തൊമ്പതാം നൂറ്റാണ്ട്

Saturday 10 September 2022 6:01 AM IST

കലാമൂല്യമുള്ള ഒരു ചരിത്ര സിനിമയിലൂടെ ശക്തമായ തിരിച്ചുവരവിൽ വിനയൻ

സിജു വിത്സനെ നായകനാക്കി വിനയൻ രചനയും സംവിധാനവും നിർവഹിച്ച പത്തൊമ്പതാം നൂറ്റാണ്ട് ചരിത്രം രേഖപ്പെടുത്താതെ പോയ ധീരയോദ്ധാവിനെ പുനരവതരിപ്പിക്കുന്നതിൽ പൂർണ വിജയം നേടി എന്നതിന്റെ തെളിവാണ് ലഭിക്കുന്ന പ്രേക്ഷക അംഗീകാരം. ധീരയോദ്ധാവായി, കരുത്തനായി സിജു വിത്സൻ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. ആരെയും കൂസാത്ത പ്രകൃതത്തിനുടമ. പത്തൊമ്പതാം നൂറ്റാണ്ടിൽ മുലക്കരത്തിനെതിരെ ശക്തമായി പ്രതികരിച്ച മാർക്കച്ച അഴിക്കാൻ വന്ന പ്രഭുക്കൻമാർക്ക് മുന്നിൽ സ്വന്തം മുലകൾ അരിഞ്ഞു ജീവൻ വെടിഞ്ഞ നങ്ങേലിയുടെ കഥ കൂടിയാണ് ചിത്രം പറയുന്നത്. കാലങ്ങൾക്ക് മുൻപുള്ള അശരണരായ മനുഷ്യജീവിതങ്ങളുടെ നേർക്കാഴ്ച കൂടിയായ പത്തൊമ്പതാം നൂറ്റാണ്ട് വിനയൻ എന്ന സംവിധായകന്റെ ശക്തമായ തിരിച്ചുവരവു കൂടിയാണ്. അഭിനയജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് സിജു വിത്സൻ നടത്തുന്നത്. ഉറച്ച ശരീരവും ആയോധന കലകളിൽ പാടവവുമുള്ള നങ്ങേലിയായി കയാദു ലോഹർ എന്ന കന്നട താരം തിളങ്ങി. മലയാളിത്തം തുളുമ്പുന്ന മുഖത്തിലൂടെ നങ്ങേലിയെ കയാദു ഭദ്രമാക്കി - കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ്, തിരുവിതാംകൂർ മഹാരാജാവായി അനൂപ് മേനോൻ, സുദേവ് നായരുടെ പടവീടൻ തമ്പി, ദീപ്തി സതിയുടെ സാവിത്രി, ഇന്ദ്രൻസിന്റെ കേളു, പൂനം ബജ്‌വയുടെ മഹാറാണി, സുരേഷ് കൃഷ്ണയുടെ പരമേശ്വര കൈമൾ, സുധീർ കരമനയുടെ പടത്തലവൻ, കണ്ണൻ കുറുപ്പായി വിനയന്റെ മകൻ വിഷ്ണു വിനയ്‌യും തുടങ്ങി വലിയൊരു സംഘം താരങ്ങളും വിദേശികളും അണിനിരക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ട് എന്ന കാലത്തേക്ക് കലാസംവിധായകൻ അജയൻ ചലിശേരി പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോവുന്നു. ഷാജികുമാറിന്റെ ദൃശ്യവിരുന്ന് ചിത്രത്തെ മനോഹരമാക്കുന്നുണ്ട്. വസ്ത്രാലങ്കാരം ചരിത്രത്തോട് നീതി പുലർത്തി. തമിഴിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതം എം. ജയചന്ദ്രൻ ഗാനങ്ങളും അതിനൊപ്പം ആവിഷ്കരിച്ച നൃത്തരംഗങ്ങങ്ങളും മികച്ചുനിന്നു. അനുയോജ്യമായ താരങ്ങളെ തന്നെ കഥാപാത്രത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞു. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം. വി.സി. പ്രവീണും ബൈജു ഗോപാലനുമാണ് സഹനിർമ്മാതാക്കൾ.കലാമൂല്യമുള്ള ഒരു ചരിത്ര സിനിമ എന്ന് പത്തൊമ്പതാം നൂറ്റാണ്ടിനെ വിശേഷിപ്പിക്കാം.

Advertisement
Advertisement